ഈ വർഷത്തെ മണ്‌ഡല മകരവിളക്ക് കാലത്തിന് സമാപ്തി കുറിച്ചുകൊണ്ട് ജനുവരി 20ന് രാവിലെ ശബരിമല നട അടച്ചു.
ആചാരമനുസരിച്ച് പന്തളം രാജപ്രതിനിധിയുടെ ദർശനം കഴിഞ്ഞാൽ മറ്ര് ഭക്തർക്കാർക്കും ദർശനമില്ല. രാജപ്രതിനിധിയും അയ്യപ്പനും തമ്മിലുള്ള ഏതാനും മിനിട്ടുകൾ നീണ്ടുനിൽക്കുന്ന മൗനസംഭാഷണം വളരെ പ്രധാന്യം അർഹിക്കുന്ന ഒരു ചടങ്ങാണ്. പന്തളം രാജകുടുംബത്തിന്റെയും വലിയ തമ്പുരാന്റെയും പ്രതിനിധിയായി എത്തുന്ന രാജപ്രതിനിധി കുടുംബാംഗങ്ങളുടെയെല്ലാം സ്നേഹാന്വേഷണവും വാത്സല്യവും ആ സംഭാഷണ വേളയിൽ വളർത്തു പുത്രനായ അയ്യപ്പന് പകർന്ന് നൽകുന്നു. ഒരു കുടുംബം മുഴുവനാണ് ആ നിമിഷം സന്നിധാനത്തുണ്ടാവുക. അയ്യപ്പനും പിതൃസ്ഥാനീയനുമായുള്ള ഈ അപൂർവ കൂടിക്കാഴ്ച പന്തളം രാജകുടുംബവും അയ്യപ്പനുമായുള്ള ബന്ധത്തിന്റെ ആണിക്കല്ലാണ്.
ഈ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഭസ്‌മ അഭിഷിക്തനായി കൈയിൽ ദണ്‌ഡും ഏന്തി യോഗസമാധിയിൽ അയ്യപ്പനെ രൂപം മാറ്റുന്നു . സ്വന്തം പിതാവിനെ കൊട്ടാരത്തിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ദണ്ഡുമായി നിൽക്കുന്ന രൂപം. പ്രതിനിധിയുടെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നട അടയ്‌ക്കാനുള്ള അനുമതി മേൽശാന്തി തേടും. അനുമതി ലഭിക്കുന്നതോടെ ഭഗവാനെ യോഗനിദ്രയയിലേക്ക് എത്തിച്ച് ഹരിവരാസനം ചൊല്ലി ഓരോ വിളക്കുകൾ കെടുത്തി ശ്രീകോവിൽ നട പൂട്ടി താക്കോലുകൾ രാജപ്രതിനിധിയെ മേൽശാന്തി ഏൽപ്പിക്കുന്നു. ക്ഷേത്രേശൻ എന്ന നിലയിലാണ് ശ്രീകോവിൽ പൂട്ടി താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കുന്നത് . തുടർന്ന് പ്രതിനിധിയും മേൽശാന്തിയും പ്രദക്ഷിണമായി കൊടിമരച്ചുവട്ടിലെത്തി ആദ്യം മേൽശാന്തി പതിനെട്ടാം പടിയിറങ്ങുന്നു. തുടർന്ന് പതിനെട്ടാം പടിക്ക് മുകളിലുള്ള ഗേറ്റും അടച്ച ശേഷം രാജപ്രതിനിധിയും പടിയിറങ്ങുന്നു. പടിയിറങ്ങി താഴെവച്ച് മേൽശാന്തി ഒരു പണക്കിഴി രാജപ്രതിനിധിക്ക് നൽകുന്നു. ( ഒരു വർഷത്തെ ക്ഷേത്രവരവിൽ നിന്നും ചെലവ് കഴിച്ചുള്ള ബാക്കി തുക ഉടമസ്ഥന് കൈമാറുന്നു എന്നാണ് സങ്കൽപ്പം. ) തുടർന്ന് ശ്രീകോവിലിന്റെ താക്കോൽ മേൽശാന്തിക്ക് തിരികെ നൽകുന്നു. അടുത്തവർഷം താൻ വരുന്നതു വരെ ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കി നടത്തണം എന്ന നിർദേശത്തോടെ ഏൽപ്പിക്കുന്നു എന്നാണ് സങ്കൽപ്പം. തുടർന്ന് ക്ഷേത്ര ഉദ്യോഗസ്ഥന് പ്രതിനിധി ഒരു പണക്കിഴി നൽകുന്നു. ( അടുത്ത ഉത്സവം വരെ ക്ഷേത്ര ചടങ്ങുകൾക്ക് വേണ്ടിവരുന്ന ചിലവിലേക്കുള്ള തുക ഏൽപ്പിക്കുന്നു എന്നാണ് സങ്കൽപ്പം. ) ആദി ശാസ്‌താവിനെ വണങ്ങി മേൽശാന്തിയും രാജപ്രതിനിധിയും നമസ്‌കരിക്കുന്നതോടെ ചടങ്ങുകൾക്ക് സമാപ്‌തിയായി.
മുൻവർഷത്തേക്കാൾ ഈ വർഷത്തെ തീർത്ഥാടനം സംഘർഷ ഭരിതവും ശുഷ്‌കവുമായിരുന്നു എന്ന് പറയാതെ വയ്യ. ശബരിമല തീർത്ഥാടനം എന്നത് ഒരു സകല മേഖലാ സ്പർശിയും സകല ജാതി - മത സ്‌പർശിയുമാണ്. ജാതിക്കും മതത്തിനും ഉപരിയായി സകലരെയും ഒന്നായി കാണുന്ന ധർമ്മമാണല്ലോ അയ്യപ്പധർമം. ശബരിമലയ്‌ക്ക് പോകുന്നത് ഭക്തനല്ല, അയ്യപ്പനാണ്. 41 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങൾ പടിപടിയായി പൂർത്തീകരിക്കുന്നതോടെ ഏതൊരു ഭക്തനും അയ്യപ്പൻ എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നു. അതാണല്ലോ ഞാനും നീയും തമ്മിൽ വ്യത്യാസമില്ല - തത്വമസി എന്ന അയ്യപ്പധർമ്മത്തിന്റെ പൊരുൾ.
കർശനമായ ചിട്ടകളും തയാറെടുപ്പുകളും കൊണ്ട് ശുദ്ധീകരിക്കപ്പെട്ട അയ്യപ്പൻമാരുടെ സാന്നിദ്ധ്യത്താൽ പരിശുദ്ധമാകേണ്ട ഇടമാണ് സന്നിധാനം. അവിടേക്കുള്ള യാത്ര സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സമഭാവനയുടെയും ഫലമായുണ്ടാകേണ്ടതാണ്. മനസിൽ കാത്തുസൂക്ഷിച്ച എല്ലാം തുറന്ന് പറയാൻ അയ്യപ്പൻ കണ്ടെത്തിയ സമയവും ഇതാണ്. എന്നു പറഞ്ഞാൽ ഈ സന്ദർഭം സമാധാനത്തിന്റെ, അനുഭൂതി നൽകുന്നതായിരിക്കണം. എന്നാൽ ഈ വർഷത്തെ തീർത്ഥാടനം ഈ വികാരങ്ങൾക്ക് പകരം ഭീതിയും അവിശ്വാസവും എല്ലാം കൊണ്ട് നിറഞ്ഞതായിരുന്നു. മനസമാധാനമായി പ്രാർത്ഥിക്കാൻ കഴിയാത്ത നിലയിലായിരുന്നു ഇത്തവണ കാര്യങ്ങൾ. അടുത്ത് നിൽക്കുന്ന അയ്യപ്പനെ സംശയ ദൃഷ്‌ടിയോടെ നോക്കേണ്ടി വരുന്നു. ഇരുമുടിക്കെട്ടിന് ഭക്തൻ നൽകുന്ന പ്രാധാന്യം നൽകാതെ അവ തുറന്ന് പരിശോധിക്കുന്ന നില വരുന്നു. പതിനെട്ടാംപടിക്ക് മുകളിലെത്തി പെരിയസ്വാമിയുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഇരുമുടിക്കെട്ട് തുറക്കാവൂ എന്ന കീഴ്‌വഴക്കം മാറേണ്ടി വരുന്നു. അങ്ങനെ വഴിപാടുകൾ പൂർത്തീകരിക്കാനാകാതെ നിമിഷ നേരങ്ങൾക്കുള്ളിൽ ദർശനം പൂർത്തീകരിച്ച് ഇറങ്ങാൻ നിർദേശങ്ങൾ വരുന്നു. മനസമാധാനത്തോടെ ദർശനം പൂർത്തീകരിച്ചിറങ്ങുക എന്നത് അസംഭവ്യമാകുന്നു. എത്രയും പെട്ടെന്ന് തീർത്ഥാടനം പൂർത്തീകരിച്ച് നാട്ടിലെത്താനുള്ള വെമ്പലിലേക്ക് മാറുന്നു. ക്രമസമാധാനപാലകർ പതിനെട്ടാംപടിക്ക് മുകളിലും മറ്റും എത്തുന്നതോടെ ദർശനം ദു:ഖകരമാകുന്നു. ഭക്തന്മാരുടെ വരവിനെക്കാൾ പ്രാധാന്യം ഭക്തരല്ലാത്തവർക്ക് നൽകുന്നു എന്ന സംശയം ഉണ്ടാകുന്നു. മണിക്കൂറുകളോളം സന്നിധാനത്ത് തർക്കങ്ങളും തടസങ്ങളും പതിവാകുന്നു.
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എല്ലാ ജാതിമതസ്‌ഥരുടെയും ആരാധാനാലയങ്ങൾക്കും ആചാരങ്ങൾക്കും സംരക്ഷണം നൽകേണ്ടത് ഭരണഘടനാപരമായ ബാദ്ധ്യതയാണ്. മതേതരത്വം, മതസഹിഷ്‌ണുത തുടങ്ങിയ വാക്കുകൾ നിരന്തരം പ്രയോഗിക്കുകയും അതിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്‌തതാണ് ശബരിമല വിഷയത്തിൽ കണ്ടത്. നമ്മുടെ നാട്ടിലെ ആദ്യത്തെ നവോത്ഥാന നായകൻ അയ്യപ്പനല്ലാതെ മറ്രാരുമല്ല, എല്ലാ ജാതിമത വിഭാഗങ്ങൾക്കും അവരവരുടേതായ സ്‌ഥാനം ശബരിമലയിൽ നൽകിയിട്ടുണ്ട്. പതിനെട്ട് മലകളുടെയും സംരക്ഷണം ആദിവാസി വിഭാഗത്തിൽ പെട്ടവർക്കും പൊന്നമ്പലമേട്ടിലെ ദീപം കത്തിക്കാനുള്ള അവകാശം മലയരയന്മാർക്കും നൽകിയിരുന്നു. അതെല്ലാം പിന്നീട് വന്ന ദേവസ്വംബോർഡുകളാണ് മാറ്റിയത്. കടുത്തസ്വാമിയും കറുപ്പായി അമ്മയും ഊരു മൂപ്പന്മാരും വാവര് സ്വാമിയും എല്ലാം ചേർന്നതാണ് ശബരിമല. ജാതിമത ചിന്തകൾക്ക് അതീതനായിരുന്ന അയ്യപ്പസ്വാമിയുടെ സന്നിധിയെയും ഭക്തരെയും ആ ചിന്തയുടെ പേരിൽ മതിലുകെട്ടി വേർതിരിക്കാൻ ശ്രമിക്കുന്നത് ദു:ഖകരമാണ്. എല്ലാ തടസങ്ങളുടെയും തമസിനെ അയ്യപ്പധർമ്മത്തിന്റെ ദീപപ്രോജ്വലനം കൊണ്ട് മാറ്റാൻ കഴിയണം. അതിന് സങ്കുചിത രാഷ്‌ട്രീയ ചിന്തകൾ വെടിഞ്ഞ് അയ്യപ്പഭക്തരും ഈ നാട്ടിലെ പൗരന്മാരാണെന്ന് കണ്ടാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നു.
ചുരുക്കത്തിൽ സമാധാനപരമായ ദർശനസൗഖ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ ഭക്തർക്ക് നിയന്ത്രണങ്ങളുടെ കയ്‌പുനീർ കുടിക്കേണ്ടി വരുന്നു. ഇത് ശബരിമല ദർശനത്തെ വളരെ പ്രതികൂലമായി ബാധിച്ചു. ഭക്തജനങ്ങളുടെ വരവും ക്ഷേത്രത്തിന്റെ നടവരവുമെല്ലാം വളരെ കുറഞ്ഞു. ക്ഷേത്രവിശ്വാസികൾക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് ദർശനത്തിന് വരാൻ മടിയായി. കുടുംബത്തിൽ നിന്ന് ദർശനത്തിന് പോകുന്നതിന് നിയന്ത്രണമായി. ചുരുക്കത്തിൽ ദർശന സൗഭാഗ്യം എന്ന ലക്ഷ്യം ഈ വർഷമുണ്ടായില്ലെന്ന് പറയാം. ഇത് എന്തുകൊണ്ട് സംഭവിച്ചു എന്ന് വിശകലനം ചെയ്യാൻ ഞാൻ ആളല്ല, പ്രശ്നങ്ങളും കോടതി ഉത്തരവുകളും എല്ലാം സമഭാവനയോടെ, സംഭാഷണത്തിലൂടെ പരിഹരിക്കാനാകുമായിരുന്നു. തർക്കങ്ങളും കടുംപിടുത്തങ്ങളും അയ്യപ്പ തീർത്ഥാടനത്തിന് മങ്ങലേൽപ്പിക്കാൻ പാടില്ലായിരുന്നു. അയ്യപ്പധർമ്മത്തിന് എതിരെ പ്രവർത്തിക്കുന്ന ഏതെങ്കിലും ശക്തികൾ ഇതിന്റെ പിന്നിലുണ്ട് എന്ന് ആരെങ്കിലും ആരോപിച്ചാൽ തെറ്റ് പറയാൻ കഴിയുമോ? അടുത്ത തീർത്ഥാടനത്തിന് മുൻപെങ്കിലും ഇവയ്‌ക്കെല്ലാം പരിഹാരം കണ്ടെത്തി ലോകത്തെ ഏറ്റവും വലിയ തീർത്ഥാന കേന്ദ്രമായ ശബരിലയെ പഴയ നിലയിലേക്ക് എത്തിക്കുമെന്ന് വിശ്വസിക്കാം.
(ലേഖകൻ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റാണ്. ഫോൺ : 9447563464 )