പന്തലിന്റെ താങ്ങില്ലാതെ നിലത്ത് പടർന്നങ്ങനെ വളരുന്ന മാമ്പഴ നിറത്തിൽ കൊഴുത്ത് തടിച്ച മത്തങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്തവരുണ്ടോ? പച്ചക്കറിയുടെ ഗണത്തിൽ വലിപ്പം കൊണ്ട് ഭീമനാണ് മത്തൻ. ഗുണങ്ങളിലും മത്തങ്ങ രാജാവാണെന്ന് പലർക്കും അറിയില്ല. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി ശരീരത്തിനാവശ്യമായ ഒട്ടേറെ കാര്യങ്ങൾ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ആൽഫാ കരോട്ടിൻ, ബീറ്റാ കരോട്ടിൻ, മറ്റു ഫൈറ്റോസ്റ്റീറോളുകൾ , നാരുകൾ, വിറ്റാമിൻ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറ കൂടിയാണ് മത്തങ്ങ.
മിന്നും മിന്നിത്തിളങ്ങും
മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ, ആൽഫ കരോട്ടിൻ എന്നീ ഘടകങ്ങൾ ചർമത്തിന് തിളക്കവും ഓജസും നൽകും. വിറ്റാമിൻ 'സി'യുടെ നല്ല ഉറവിടമാണ് മത്തങ്ങ. മൃദുലമായ ചർമത്തിന് ദോഷകരമായതും ചുളിവുകൾ തുടങ്ങിയവയ്ക്ക് കാരണം ആയേക്കാവുന്നതുമായ 'ഫ്രീ റാഡിക്കൽ ഓക്സിഡിറ്റീവ് ' തകരാറുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതാണ് വിറ്റാമിൻ 'സി' യുടെ പ്രധാന ധർമം.
മത്തങ്ങ ജ്യൂസ് തേൻ ചേർത്ത് ചർമത്തിൽ പുരട്ടുന്നത് ചർമത്തിന്റെ തിളക്കം വർദ്ധിക്കാൻ സഹായിക്കും.
മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പൾപ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ച് ഏകദേശം പത്ത് മിനിറ്റ് മുഖം മസാജ് ചെയ്യുക. മുഖത്തെ മൃതകോശങ്ങൾ നീങ്ങി മുഖം തിളങ്ങും.
മത്തങ്ങയുടെ പൾപ്പ്, മുട്ടയുടെ വെള്ള, തേൻ എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കഴുത്തിലും ഉപയോഗിക്കണം. ഏകദേശം 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. മുഖക്കുരു മാറാനും തിളങ്ങുന്ന മുഖം ലഭിക്കാനും സൂര്യ താപം മൂലം കഴുത്തിലും മുഖത്തുമുണ്ടാകുന്ന കരുവാളിപ്പ് മാറാനും സഹായിക്കും.
ചർമത്തിന്റെ ഈർപ്പം നിലനിർത്താനും, മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും മത്തങ്ങ ജ്യൂസിൽ ചെറുനാരങ്ങാ നീര്, തൈര് എന്നിവ കലർത്തി മുഖത്ത് പുരട്ടി കുറച്ചുസമയത്തിന് ശേഷം കഴുകിക്കളഞ്ഞാൽ മതി.
മത്തങ്ങ പൾപ്പിനോടൊപ്പം അൽപം പഞ്ചസാര ചേർത്ത് സ്‌ക്രബ് തയ്യാറാക്കാം. മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകളുടെ നിറം കുറയ്ക്കാനുമെല്ലാം ഈ പ്രകൃതി ദത്തമായ സ്‌ക്രബ് സഹായിക്കും.
മത്തങ്ങ നന്നായി ഉടച്ചതിൽ കടലമാവ്, പാൽ, ചെറുനാരങ്ങാനീര് എന്നിവ ചേർത്തും ഫേസ്പായ്ക്കുണ്ടാക്കാം. ഇത് മുഖത്തിട്ട ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇത് എല്ലാത്തരം ചർമത്തിനും ചേരുന്ന ഒരു ഫേസ് പായ്ക്കാണ്.
മത്തങ്ങയുടെ പൾപ്പിൽ ഒരൽപം തൈര്, ചെറുനാരങ്ങാനീര്, തേൻ എന്നിവ ചേർത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. മുഖത്ത് പുരട്ടിയ ശേഷം അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം.
തലമുടിക്ക് മത്തൻ പരിഹാരം
തലമുടി വളരുന്നില്ല, തലമുടി പൊഴിയുന്നു തുടങ്ങിയ തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം മത്തങ്ങ നല്ലൊരു പരിഹാരമാണ്. മത്തങ്ങയിൽ ധാരാളമായി ഉള്ള പൊട്ടാസ്യം ആരോഗ്യമുള്ള മുടി വളരുന്നതിന് സഹായിക്കുന്നു. മത്തങ്ങയുടെ വിത്തിൽ നിന്നുണ്ടാക്കുന്ന എണ്ണ സിങ്ക്, മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് എന്നിവ പോലുള്ള പോഷകങ്ങളാൽ സമൃദ്ധമാണ്. മത്തങ്ങയുടെ വിത്തിൽ ലിനോലിയേക്കും ഒലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ആന്റിജൻ ലെൻസുകളുടെ അളവ് കൂട്ടുന്നതിന് സഹായിക്കും. ആന്റിജന്റെ അഭാവം മുടി കൊഴിച്ചിൽ തടയുന്നു.
ഭാരം കുറയ്ക്കാം
ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണം കുറയ്ക്കുകയല്ല വേണ്ടത്. ഭക്ഷണത്തിലെ കലോറിയുടെ അളവ് ശ്രദ്ധിക്കുകയാണ് വേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലും കലോറി കുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്തുകയാണെങ്കിൽ അത് വിശപ്പും ഭാരവും നിയന്ത്രിക്കും. മത്തങ്ങ കഴിക്കുന്നതിലൂടെ ശരീരഭാരം കുറക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്‌മെന്റ് ഒഫ് അഗ്രികൾച്ചറിന്റെ (യു.എസ്.ഡി.എ) വിവരപ്രകാരം 100 ഗ്രാം അസംസ്‌കൃത മത്തങ്ങയുടെ 26 ഗ്രാം മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. അതിനാൽ മത്തങ്ങ കഴിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് കൊളസ്‌ട്രോൾ, സോഡിയം, കൊഴുപ്പ് എന്നിവയെല്ലാം ഒഴിവാക്കാം. ധാരാളം പോഷകാഹാരം ലഭിക്കും. മത്തങ്ങയിൽ ഏതാണ്ട് 90 ശതമാനം വെള്ളമാണ്. അതുകൊണ്ടുതന്നെ, കലോറിയിൽ ഏറ്റവും താഴ്ന്നതാണ്. മത്തന്റെ പൾപ്പ്, വിത്ത്, സീഡ് ഓയിൽ എന്നിവയെല്ലാം ഉപയോഗപ്രദമാണ്.
ടെൻഷനെയും പമ്പകടത്തും
മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കരുത്ത് നൽകും. സമ്മർദ്ദങ്ങളെ നേരിടാൻ സഹായിക്കുന്ന ഒരു സ്വാഭാവിക ' മൂഡ് ബൂസ്റ്റർ'ആയാണ് ഈ അമിനോ ആസിഡ് കണക്കാക്കപ്പെടുന്നത്. ദിവസവും ഒരു നേരം മത്തങ്ങ കഴിക്കുന്നത് ബാക്ടീരിയ കൊണ്ടുള്ള അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു. മത്തങ്ങയിലുള്ള വിറ്റാമിൻ സി, ബീറ്റ കരോട്ടിൻ എന്നിവയുടെ സാന്നിദ്ധ്യം പ്രതിരോധശേഷി വർദ്ധിപ്പിക്കും. നല്ല ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം ശരീരഭാരം കുറയ്ക്കാൻ അനിവാര്യമാണ്.
വാഴപ്പഴത്തെക്കാൾ ബെസ്റ്റ്
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ് മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ അളവ്. പൊട്ടാസ്യം വ്യായാമ ശേഷം പേശികളുടെ വീണ്ടെടുപ്പിന് സഹായിക്കുന്നു. ഒരു 100 ഗ്രാം മത്തങ്ങയിൽ അടങ്ങിയിരിക്കുന്നത് 340 മി.ഗ്രാം പൊട്ടാസ്യമാണ്.
കുരുവിലുണ്ട് കാര്യം
ഊർജ്ജം പ്രദാനം ചെയ്യുന്നതിനാൽ വ്യായാമത്തിന് മുൻപ് കഴിക്കാൻ മികച്ച ഭക്ഷണമാണ് മത്തങ്ങയുടെ കുരു. പ്രമേഹരോഗികൾക്ക് ഉത്തമ ഔഷധമാണ് മത്തങ്ങയുടെ കുരു. ഇത് ശരീരത്തിലെ ഇൻസുലിന്റെ തോത് ക്രമീകരിക്കും. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ് മത്തങ്ങാക്കുരു. മത്തങ്ങ വിത്ത് അടങ്ങിയ ഭക്ഷണക്രമം വയർ, ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവയിൽ പിടിപെട്ടേക്കാവുന്ന കാൻസർ സാദ്ധ്യത കുറയ്ക്കുന്നു. മത്തൻകുരുവിൽ മോണോ അൺസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൂടുതലുള്ളതിനാൽ ഹൃദയാരോഗ്യത്തിന് ഇത് നല്ലതാണ്. കണ്ണിലെ റെറ്റിനയിൽ യു.വി രശ്മികൾ എത്താതെ തടയുന്ന സീ സ്‌കാൻതിൻ ഇതിലടങ്ങിയിട്ടുണ്ട്.
മത്തൻകറിയില്ലെങ്കിൽ പിന്നെന്ത് മലയാളി
ഇലയും തൊലി കളയാത്ത മത്തങ്ങയും കുരുവുമടക്കം മത്തന്റെ വള്ളിയൊഴികെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. കേരളീയരുടെ ഇഷ്ടവിഭവമാണ് മത്തങ്ങാ എരിശേരി. മത്തയുടെ തളിരിലയും പൂവും തോരൻ വയ്ക്കാൻ ഉപയോഗിക്കുന്നു. ഇത് ദഹനത്തിനും വായുകോപത്തിനും മറുമരുന്നായും, വിശപ്പില്ലായ്മ പരിഹരിക്കുന്നതിനും നല്ലതാണ്. ഉണക്കമീൻ കറിയിൽ മാങ്ങ പോലെ തന്നെ മത്തങ്ങ ചേർക്കുന്നത് കറി കൂടുതൽ രുചികരമാക്കും. കൂടാതെ മത്തങ്ങാ ഹൽവ, മത്തങ്ങ നേർത്ത ചുണ്ണാമ്പുവെള്ളത്തിലിട്ട് പതം വരുത്തിയശേഷം ഉരുകിയ ശർക്കരയിലിട്ട് വരട്ടിയുണ്ടാക്കുന്ന മത്തങ്ങാവരട്ടിയും മത്തങ്ങ പായസവുമൊക്കെ ചിലയിടങ്ങളിൽ തയാറാക്കുന്നുണ്ട്.