കൊച്ചി: തന്നെ മാനസികമായും ശാരീരികമായും ആദ്ധ്യാത്മികമായും തളർത്തിയ ശേഷം ഭയപ്പെടുത്തി നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് സന്യാസ സഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര. ആലുവയിലെ സന്യാസ സഭ സുപ്പീരിയർ ജനറൽ മുമ്പാകെ ഹാജരായി വിശദീകരണം നൽകിയില്ലെന്നും അച്ചടക്ക ലംഘനങ്ങൾ തുടരുകയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സിസ്റ്റർ. ഫെബ്രുവരി ആറിന് ആലുവയിലെത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പകരം തന്റേതായ വിധത്തിൽ വിശദീകരണം എഴുതി അയയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സിസ്റ്റർ ലൂസി 'ഫ്ലാഷി'നോട് പറഞ്ഞു.
ആരോപണങ്ങൾ തെറ്റ്
അനുമതിയില്ലാതെ മഠത്തിൽ നിന്നും രാത്രി സമയങ്ങളിൽ ഇറങ്ങി പോകുന്നുവെന്ന തരത്തിലുള്ള സഭയുടെ ആരോപണങ്ങൾ തെറ്റാണ്. ചില ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനാണ് രാത്രികളിൽ പുറത്ത് പോയിട്ടുള്ളത്. വ്യക്തിപരമായ മറ്റൊരാവശ്യത്തിനും രാത്രി പുറത്തിറങ്ങിയിട്ടില്ല. മഠത്തിലെ പ്രാർത്ഥനകളിൽ പങ്കുചേരുന്നില്ല, കോമൺ മെസിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തുന്നില്ല തുടങ്ങിയ കൂട്ടക്രമത്തെപ്പറ്റിയുള്ള ആരോപണങ്ങളും തള്ളിക്കളയുകയാണ്. സഭയ്ക്ക് കീഴിൽ ഏതു മഠത്തിലാണ് ഇതെല്ലാം കൃത്യമായി പാലിക്കപ്പെടുന്നതെന്ന് കൂടി മറുപടി പറയാൻ സന്യാസ സഭയ്ക്ക് ബാദ്ധ്യതയുണ്ട്.
(ഈ മാസം 18ന് അയച്ച രണ്ടാമത്തെ മുന്നറിയിപ്പ് നോട്ടീസ് ഇന്നലെയാണ് സിസ്റ്റർ ലൂസിയുടെ കൈയിൽ കിട്ടിയത്).
മുന്നറിയിപ്പ് നോട്ടീസിലെ ആരോപണങ്ങൾ
ആലുവയിലെത്തി സുപ്പീരിയർ ജനറലിനെ നേരിൽ കാണണമെന്ന നിർദേശം അനുസരിച്ചില്ല.
2015 മെയ് മാസത്തിലെ ട്രാൻസ്‌ഫർ ഉത്തരവ് അനുസരിച്ചില്ല.
പ്രൊവിൻഷ്യൽ സുപ്പീരിയർ കൗൺസിലിന്റെ തീരുമാനത്തിനെതിരായി ഡ്രൈവിംഗ് ലൈസൻസ് എടുത്തതും ആഡംബര കാർ വാങ്ങിയതും ഗുരുതരമായ അച്ചടക്ക ലംഘനമാണ്.
2017 ഡിസംബർ മുതലുള്ള ശമ്പളം സഭയ്ക്ക് കൈമാറിയില്ല.
പ്രൊവിൻഷ്യൽ സുപ്പീരിയർ കൗൺസിലിന്റെ തീരുമാനത്തിനെതിരായി 'സ്‌നേഹമഴയിൽ' എന്ന പുസ്തകം അച്ചടിച്ചിറക്കിയത് അച്ചടക്ക ലംഘനമാണ്.
കൗൺസിൽ അനുമതിയോടെ സുപ്പീരിയർ ജനറലിന് ചെലവഴിക്കാൻ കഴിയുന്ന തുകയേക്കാൾ കൂടിയ തുകയാണ് പുസ്തക പ്രസിദ്ധീകരണത്തിനായി ചെലവഴിച്ചത്.
അനുമതിയില്ലാതെ ക്രിസ്തീയരുടേതല്ലാത്ത പത്രങ്ങളിലും ആഴ്ച പതിപ്പുകളിലും ലേഖനങ്ങൾ നൽകി.
മേലധികാരികളുടെ അനുമതി കൂടാതെ 2018 സെപ്തംബർ 20 മുതൽ സാമൂഹിക മാദ്ധ്യമങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ട് കത്തോലിക്ക സഭയെയും സന്യാസ സഭയെയും ഇകഴ്ത്തി കാട്ടി.
മതപരമായ അച്ചടക്കമില്ലാത്ത രീതിയിൽ അനുമതിയില്ലാതെ വൈകിട്ട് മഠത്തിൽ നിന്ന് പുറത്ത് പോകുകയും രാത്രി വൈകി തിരിച്ചെത്തുകയും ചെയ്യുന്നു.
മഠത്തിന്റെ ഭാഗമായുള്ള സമൂഹ പ്രാർത്ഥനകളിൽ പങ്കെടുക്കാത്തതും പൊതു മെസിൽ നിന്ന് ഭക്ഷണം കഴിക്കാത്തതും അച്ചടക്ക ലംഘനമാണ്.
അനുമതി കൂടാതെ പൊതു ഇടത്തിൽ സന്യാസ സഭയുടെ വേഷവിധാന രീതികൾ ലംഘിച്ചു.
മഠത്തിന്റെ അനുമതിയില്ലാതെ മാദ്ധ്യമ പ്രവർത്തകയെ ഒരു രാത്രി മഠത്തിൽ താമസിപ്പിച്ചു.
കൊച്ചിയിൽ സേവ് അവർ സിസ്‌റ്റേഴ്‌സ് സംഘടിപ്പിച്ച കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിലൂടെ ആദ്ധ്യാത്മിക ജീവിതത്തിൽ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചു.