ന്യൂഡൽഹി: മേഖലയിൽ ചൈന തുടരുന്ന വെല്ലുവിളി നേരിടാൻ ആൻഡമാൻ നിക്കോബാർ ദ്വീപിൽ മൂന്നാമത്തെ വ്യോമതാവളം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. ആൻഡമാൻ ദ്വീപിന് സമീപമെത്തുന്ന ചൈനീസ് കപ്പലുകളെയും അന്തർവാഹിനികളെയും നിരീക്ഷിക്കാൻ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ് കേന്ദ്രം. പ്രദേശത്ത് ചൈനയുടെ എല്ലാ നീക്കങ്ങളെയും മണത്തറിയാൻ സാധിക്കുന്നതാണ് പുതിയ കേന്ദ്രമെന്ന് പ്രതിരോധ വിദഗ്‌ദ്ധരും സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ സുനിൽ ലാംബ വ്യാഴാഴ്‌ച വ്യോമകേന്ദ്രം രാജ്യത്തിന് സമർപ്പിക്കും.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനിലും ശ്രീലങ്കയിലും ചൈനീസ് നാവികസേനയുടെ സാന്നിധ്യം ഏറെക്കാലമായി ഇന്ത്യയുടെ ആശങ്കകളിൽ ഒന്നായിരുന്നു. എന്നാൽ 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമേറ്റെടുത്തതോടെ പ്രദേശത്തെ എല്ലാ ചൈനീസ് കപ്പലുകളെയും നിരീക്ഷിക്കാനായി കൂടുതൽ പടക്കപ്പലുകളും വിമാനങ്ങളും വിന്യസിക്കാൻ തുടങ്ങി.ഇതിന് പിന്നാലെയാണ് തന്ത്രപ്രധാന എയർ ബേസുകളും പ്രദേശത്ത് സ്ഥാപിച്ചത്. ഹെലിക്കോപ്‌ടറുകളും ഡോർണിയർ നിരീക്ഷണ വിമാനങ്ങൾക്കും ഇറങ്ങാൻ കഴിയുന്ന വിധത്തിലുള്ള 1000 മീറ്റർ നീളമുള്ള റൺവേ സഹിതമാണ് ദ്വീപിലെ വ്യോമതാവളം തുടങ്ങുന്നത്.ഇതിന് പുറമെ യുദ്ധവിമാനങ്ങൾക്കും വലിപ്പമേറിയ വിമാനങ്ങൾക്കും ഇറങ്ങാൻ കഴിയുന്ന വിധത്തിൽ റൺവേ നവീകരിക്കാനും നാവികസേനയ്‌ക്ക് പദ്ധതിയുണ്ട്.
ഇന്ത്യൻ മഹാസമുദ്രം വഴി ഏതാണ്ട് 1,20,000 കപ്പലുകൾ ഓരോ വർഷവും കടന്ന് പോകുന്നുവെന്നാണ് കണക്ക്. ഇതിൽ 70000ത്തോളവും മലാക്ക കടലിടുക്ക് വഴിയാണ് പോകുന്നത്. ഈ കപ്പലുകളെ നിരീക്ഷിക്കുക ഇതുവരെയും എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ പുതിയ ബേസ് വരുന്നതോടെ ഇനി കാര്യങ്ങൾ എളുപ്പമാകും. അടുത്ത ഘട്ടത്തിൽ ദ്വീപിലേക്ക് കൂടുതൽ കപ്പലുകൾ വിന്യസിക്കാനും നാവികസേന ആലോചിക്കുന്നുണ്ട്.