arun-gopi

പ്രണവ് മോഹൻലാൽ! പുത്തൻ താരോദയം എന്നാണ് ഈ താരപുത്രന്റെ മലയാള സിനിമ എൻട്രിയെ കുറിച്ച് ആരാധകർ വിശേഷിപ്പിച്ചത്. ആദ്യ സിനിമ അത്രത്തോളും പ്രതീക്ഷയാണ് ആ താരത്തിന് നൽകിയത്. ഇപ്പോഴിതാ അരുൺഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രണവ് നായകനായത്തുന്നു. ചിത്രത്തിൽ ഒരു സർഫറുടെ വേഷം കൈകാര്യം ചെയ്യുന്ന പ്രണവിന് നിരവധി സാഹസിക രംഗങ്ങളിലൂടെയാണ് കടന്നുപോകേണ്ടത്. ആക്ഷൻ രംഗത്തിന് കരുത്തുപകരാൻ പീറ്റർ ഹെയ്നും ചേർന്നതോടെ ചിത്രം ഒരു മാസ് എന്റർടെയിനറാണെന്ന് പ്രതീക്ഷിക്കാം.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു സാഹസിക രംഗം ഷൂട്ട് ചെയ്തതിന്റെ അനുഭവം വെളിപ്പെടുത്തി സംവിധായകൻ അരുൺഗോപി രംഗത്തെത്തിയിരിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രണവിന്റെ ആക്ഷൻ രംഗങ്ങളിൽ പലപ്പോഴും താൻ പരിഭ്രാന്തനായിരുന്നുവെന്ന് അരുൺ ഗോപി പറയുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് നിർദേശിച്ചിരുന്നുവെങ്കിലും അത് അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. മാത്രമല്ല പീറ്റർ ഹെയ്നും പലപ്പോഴും ഇത് പ്രണവ് ചെയ്‌തോളൂമെന്നായിരുന്നു പറഞ്ഞത്.

കടലിൽ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലും പേടിപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. ജെറ്റ്സ്‌കി ഓടിച്ച് വന്ന് അതിൽനിന്ന് കടലിലേക്ക് എടുത്ത് ചാടണം, പ്രണവിന് കടലിലെ സാഹസികതയൊക്കെ ഒരുപാട് ഇഷ്ടടമാണ്, വളരെ സൂക്ഷ്മതയോടെയാണ് ബോട്ടിൽ ക്യാമറ സെറ്റ് ചെയ്ത് വച്ചിരുന്നു. പ്രണവിനോട് പറഞ്ഞത് പതുക്കെ ജെറ്റ്സ്‌കി ഓടിച്ചുവന്ന് പതുക്കെ ചാടാനായിരുന്നു നിർദേശിച്ചത്. എന്നാൽ പ്രണവ് ആവേശത്തോടെ വന്ന് ചാടിയപ്പോൾ കേബിളുൾപ്പടെ പൊട്ടി പ്രണവ് കടലിലേക്ക് താഴുകയായിരുന്നു. എല്ലാവരും അന്തം വിട്ട് നിൽക്കുമ്പോൾ പുള്ളി കൂളായി കയറിവരുകയായിരുന്നു- അരുൺ ഗോപി പറഞ്ഞു.

അതേസമയം, ചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്. സിനിമയെക്കുറിച്ച് ഒരുപാട് അവകാശവാദങ്ങളൊന്നുമില്ല. ട്വിസ്റ്റും സസ്‌പെൻസുമൊക്കെയുണ്ടോയെന്ന് കണ്ട് തന്നെ അറിയണമെന്നും അരുൺ ഗോപി വ്യക്തമാക്കി.