chanda-kochar

മുംബയ്: ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനെതിരായ കേസിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. വീഡിയോകോൺ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് കേസ് എടുത്തത്. മുംബയ്, ഔറംഗാബാദ് എന്നിവിടങ്ങളിലായി സി.ബി.ഐ റെയ്ഡ് നടത്തി. വീഡിയോകോൺ ഗ്രൂപ്പിന് കോടിക്കണക്കിന് രൂപ വായ്‌പ അനുവദിച്ചു എന്ന പരാതിയിലാണ് ചന്ദ കൊച്ചാറിനെതിരെ അന്വേഷണം നടത്തുന്നത്. വീഡിയോകോൺ ഓഫിസുകൾ കൂടാതെ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ ‘ന്യൂപവർ റിന്യൂവബിൾസ്’ഓഫിസിലും മുംബയിലെ നരിമാൻ പോയിന്റിൽ പ്രവർത്തിക്കുന്ന സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് ഓഫിസിലും റെയ്ഡുണ്ടായി.

ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ ‘ന്യൂപവർ റിന്യൂവബിൾസ്’ എന്ന കമ്പനിയിൽ വിഡിയോകോൺ ഉടമ വേണുഗോപാൽ ധൂത് നിക്ഷേപം നടത്തിയത്, വീഡിയോകോണിന് ബാങ്ക് 3250 കോടി രൂപ വായ്‌പ നൽകിയതിന്റെ പ്രത്യുപകാരമായാണെന്ന ആരോപണം കഴിഞ്ഞ മാർച്ചിലാണ് ഉയർന്നത്. സ്വകാര്യ താൽപര്യങ്ങൾ ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്നാണ് പരാതി.