ഭൂമിയിലെ പതിനൊന്നാമത്തെ വലിയ ദ്വീപാണ് ഇന്തോനേഷ്യയുടെ കീഴിലുള്ള സുലാവസി. മറ്റു പല ഇന്തോനേഷ്യൻ ദ്വീപുകളേയും പോലെ തന്നെ സുലാവസിയിലും സജീവ അഗ്നിപർവതത്തിന്റെ സാന്നിധ്യമുണ്ട്. പക്ഷേ, ദ്വീപിന്റെ പ്രത്യേകത ഇതല്ല. ആസ്ട്രേലിയൻ വൻകരയിൽമാത്രം കാണപ്പെടുന്ന ചില മൃഗങ്ങളും ഏഷ്യയിൽ മാത്രം കാണപ്പെടുന്ന മൃഗങ്ങളും ഒന്നിച്ചാണ് ഈ ദ്വീപിൽ കഴിയുന്നത്.
അതായത് ഭൂമിയിലെ രണ്ട് ജൈവ മണ്ഡലങ്ങളിൽമാത്രം കാണപ്പെടുന്ന ജീവികൾ ഒരുമിച്ചുകഴിയുന്നത് ഇവിടെമാത്രമാണ്! ഇങ്ങനെ ഒരുമിച്ചു ജീവിക്കുന്ന ജീവികളിൽ പ്രമുഖർ ഏഷ്യൻ കുരങ്ങുകളും ആസ്ട്രേലിയൻ സഞ്ചിമൃഗങ്ങളും ആണ്. എന്താണ് ഈ അപൂർവ സംഗമത്തിന് കാരണമെന്നറിയേണ്ടേ...ഭൂമിയിലെ മറ്റെല്ലാ ദ്വീപുകളിൽ നിന്നും സുലാവസിയെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ്.
ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് വാല്ലസ് മേഖലയിലാണ്. ഇത് ഒരു ജൈവ-ഭൂമി ശാസ്ത്രപരമായ മേഖലയാണ്. ആസ്ത്രേലിയൻ വൻകരയ്ക്കും ഏഷ്യൻ ജൈവമണ്ഡലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളാണ് വാല്ലസ് മേഖലയിൽ വരുന്നത് . ഈ മേഖലയുടെ ഏഷ്യൻ അതിർത്തിയിൽ ബോർണിയോ ദ്വീപുകളും ആസ്ത്രേലിയൻ അതിർത്തിയിൽ ന്യൂ ഗിനിയായും ആണ് ഉള്ളത് . ഈ മേഖലയുടെ ഒത്ത നടുക്കാണ് സുലാവസി. അതുകൊണ്ടാണ് അപ്പുറത്തും ഇപ്പുറത്തുമുള്ള ജീവിവർഗങ്ങൾ ഇവിടെ ഒന്നിച്ചുകാണപ്പെടുന്നത്.