ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് പുത്തനുണർവ് നൽകിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവ്. ഏറെ നാളായി കേൾക്കുന്ന അഭ്യൂഹത്തിന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണമായത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിൽ പരിഹാസം കലർത്തി ഫേസ്ബുക്കിൽ പ്രതികരിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കർ. ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടായ നെഹ്രു ഗാന്ധി കുടുംബത്തിൽ നിന്നും അങ്കത്തട്ടിലിറങ്ങുകയാണ് പ്രിയങ്കാഗാന്ധി വാദ്രയെന്നും കിഴക്കൻ ഉത്തർപ്രദേശിലെ ബിജെപിയെയും എസ്പിബിഎസ്പി അവസരവാദ സഖ്യത്തെയും തകർത്ത് കുടുംബത്തിന്റെ മാനം വീണ്ടെടുക്കാനാണ് ഈ വരവെന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്രുഗാന്ധി കുടുംബം. ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാർ; ഈരേഴു പതിന്നാലു കളരിക്കും ആശാന്മാർ. ആരോമൽ ചേകവരുടെ നേർ പെങ്ങൾ ഉണ്ണിയാർച്ച കൂടി ഇതാ അങ്കത്തട്ടിലിറങ്ങുകയാണ് പ്രിയങ്കാഗാന്ധി വാദ്ര.
കിഴക്കൻ ഉത്തർപ്രദേശാണ് നേരാങ്ങള പെങ്ങൾക്കു പതിച്ചു കൊടുത്ത തട്ടകം. അവിടെ ബിജെപിയെയും എസ്പിബിഎസ്പി അവസരവാദ സഖ്യത്തെയും തകർത്ത് പുത്തൂരം വീടിന്റെ മാനം വീണ്ടെടുക്കണം.
ആനയെ മയക്കുന്ന അരങ്ങോടർക്കും കുത്തുവിളക്കിന്റെ തണ്ടെടുക്കാൻ മടിക്കാത്ത മച്ചുനന്മാർക്കുമിടയിൽ ആരോമലിന് അങ്കത്തുണയും ഈ ഉണ്ണിയാർച്ച തന്നെ.
ലോകനാർകാവിലമ്മേ, കളരിപരമ്പര ദൈവങ്ങളേ കാത്തുകൊളണേ