നാളെ തിയേറ്ററുകളിലെത്തുന്നത് ആറു ചിത്രങ്ങൾ. പ്രണവ് മോഹൻലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സുരാജ് വെഞ്ഞാറമൂടും ഷൈൻ ടോം ചാക്കോയും നായകന്മാരാകുന്ന ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല, അഷ്കർ സൗദാൻ നായകനായ വള്ളിക്കെട്ട്, ബിജു സോപാനം നായകനാകുന്ന നല്ല വിശേഷം, ആദി സംവിധാനം ചെയ്യുന്ന പന്ത് എന്നിവയാണ് പ്രദർശനത്തിനെത്തുക.
ആദി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രണവ് നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് അരുൺ ഗോപിയാണ് സംവിധാനം ചെയ്യുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ സയ ഡേവിഡാണ് നായിക. മനോജ് കെ. ജയൻ, ഗോകുൽ സുരേഷ്, കലാഭവൻ ഷാജോൺ, ടിനി ടോം തുടങ്ങി വൻതാരനിര തന്നെയുണ്ട്. രാമലീലയ്ക്കു ശേഷം അരുൺ ഗോപി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
സൂരാജ് വെഞ്ഞാറമൂട്,ഷെെൻ ടോം ചാക്കോ,മൈഥിലി എന്നിവരാണ് വിജയകുമാർ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ എന്ന ചിത്രത്തിലുള്ളത്. ജോയ് മാത്യു, പി. ബാലചന്ദ്രൻ, സുനിൽ സുഖദ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. സൺ ആഡ്സ് ആന്റ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സുന്ദർ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.
ജലസ്രോതസുകൾ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് പറയുന്ന ചിത്രമാണ് നല്ല വിശേഷം. അജിതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു സോപാനത്തിനൊപ്പം ശ്രീജി ഗോപിനാഥൻ, ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബാലാജി തുടങ്ങി വൻതാരനിരയുണ്ട്. പ്രവാസി ഫിലിംസിന്റെ ബാനറിൽ ശ്രീജി ഗോപിനാഥനാണ് ചിത്രം നിർമ്മിക്കുന്നത്.
ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന കാമ്പസ് കോമഡി ചിത്രമായ സകലകലാശാലയിൽ നിരഞ്ജ്, മാനസ, ധർമജൻ ബോൾഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിർമ്മൽ പാലാഴി,സുഹൈദ് കുക്കു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അതിഥി വേഷത്തിൽ സാനിയ ഇയ്യപ്പനുമുണ്ട്.
സാന്ദ്രാസ് ഇന്റർനാഷണലിന്റെ ബാനറിൽ ജിബിൻ സംവിധാനം ചെയ്ത് സന്തോഷ് നായർ നിർമ്മിക്കുന്ന വള്ളിക്കെട്ടിൽ അഷ്കർ സൗദാനും സാന്ദ്രയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധു, അരിസ്റ്റോ സുരേഷ്, രഞ്ജിത്, ബേസിൽ മാത്യു, ബോബൻ ആലുംമൂടർ, ബാബു ജോസ്, മാമുക്കോയ, കൊച്ചുപ്രേമൻ തുടങ്ങി നിരവധി താരങ്ങളുണ്ട്.
ആദി സംവിധാനം ചെയ്യുന്ന പന്തിൽ നെടുമുടി വേണു, അജു വർഗീസ്, വിജിലേഷ് കാര്യാട്, വിനീത്, സുധീഷ്, ഇർഷാദ് തുടങ്ങി വൻതാരനിരയുണ്ട്.ഷാജി ചങ്ങരംകുളമാണ് ചിത്രം നിർമ്മിക്കുന്നത്.