ക്യാമറാമാന്മാർ മുന്നോട്ടാഞ്ഞു.
ക്യാമറക്കണ്ണുകൾ ബാത്ത്റൂമിന്റെ വാതിലിനു നേർക്കു ഫോക്കസ് ചെയ്തു.
''ഏയ്.... പുറത്തുവരൂ..."
സി.ഐ ധനപാലൻ കെയിൻ കൊണ്ട് വാതിലിൽ തട്ടി.
പെട്ടെന്ന് അകത്തു വെള്ളം വീഴുന്ന ഒച്ച നിലച്ചു.
ധനപാലന്റെ കണ്ണുകളിൽ വിജയിച്ച ഭാവം മിന്നി.
അയാൾ ചാനലുകൾക്ക് ഒരു അടയാളം കാട്ടി.
പൊടുന്നനെ വാതിൽ തുറക്കപ്പെട്ടു. ടവ്വലിൽ മുഖം തുടച്ചുകെണ്ട് ഒരു സ്ത്രീരൂപം പുറത്തേക്കുവന്നു.
അവർ ടവ്വൽ മാറ്റിയതും കവിളടക്കം അടി കിട്ടിയതു പോലെ വിളറിപ്പോയി ധനപാലൻ.
അത് സാവത്രിയായിരുന്നു!
രാഹുലിന്റെ അമ്മ....
മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ പത്നി....
അവർ ധനപാലനെ തുറിച്ചുനോക്കി.
''എന്താടോ?"
മിണ്ടാൻ കഴിഞ്ഞില്ല ധനപാലന്.
സാവത്രിയുടെ കൂർത്ത നോട്ടം ചാനലുകാർക്ക് നേരെയായി.
''എന്താണു പ്രശ്നം? എന്റെ ഭർത്താവ് കിടക്കുന്നത് വെന്റിലേറ്ററിലാ. അതിൽ കൂടുതൽ ഒന്നും പറയാനില്ല എനിക്ക്. അദ്ദേഹം മരിക്കുകയാണെങ്കിൽ നിങ്ങളെ വിവരം അറിയിച്ചോളാം..."
ചാനലുകാർ പരസ്പരം നോക്കി. പിന്നെ ധനപാലനെയും.
'സത്യം പറഞ്ഞേക്കല്ലേ" എന്ന ഭാവത്തിൽ ധനപാലൻ കണ്ണടച്ചു കാണിച്ചു.
''സോറി മേഡം." ഒരാൾ പറഞ്ഞു.
''സേനൻ സാറിന് എങ്ങനെയുണ്ടെന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ടാണ് ഞങ്ങൾ.."
''ങാ... മനസ്സിലായി. പൊയ്ക്കോ."
ചിരിയടക്കി നിൽക്കുകയാണു രാഹുൽ. സി.ഐ ധനപാലൻ അവനെ രൂക്ഷമായി ഒന്നു നോക്കി.
പിന്നെ അയാളും സാവത്രിയോടു സോറി പറഞ്ഞ് പോലീസിനെയും കൂട്ടി പുറത്തേക്കു നടന്നു.
രാഹുലും പിന്നാലെ ചെന്നു.
''ധനപാലൻ സാറൊന്നു നിന്നേ."
അയാൾ നിന്നു.
ചാനലുകാർ തിരിഞ്ഞു നോക്കി.
''ഇത് സ്വകാര്യമാ. നിങ്ങൾക്കുള്ളതല്ല."
ചാനലുകാർ നടന്നുപോയി.
''എന്താ?" ധനപാലൻ രാഹുലിനോടു തിരക്കി.
''കുറച്ചു മുൻപുവരെ സാറ് തേടിവന്ന പെണ്ണ് ഇവിടെയുണ്ടായിരുന്നു. നിങ്ങൾ വരുന്ന സമയം പോലും കൃത്യമായി അവൾ എനിക്കു പറഞ്ഞുതന്നു. അതുകൊണ്ട് നേരത്തെ ഞാൻ അവളെ മടക്കിയയച്ചു.
''രാഹുലേ..."
ധനപാലന്റെ പല്ലുകൾ ഞെരിഞ്ഞു.
''വെറുതെ അത് കടിച്ചു പൊട്ടിച്ചിട്ട് കാര്യമില്ല സാറേ.. രാഹുലിനെ പൂട്ടണമെങ്കിൽ അതിന് ശരീരത്തിൽ കാക്കി മാത്രം പോരാ... തലയ്ക്കുള്ളിൽ കുറച്ച് എന്തെങ്കിലും കൂടി ഉണ്ടാവണം."
ധനപാലന്റെ മുഷ്ടികൾ വല്ലാതെ മുറുകി.
''നിന്നെ ഞാൻ പൂട്ടിയിരിക്കും രാഹുൽ. "
''അതിനു പറ്റിയ പൂട്ട് നിങ്ങൾക്കു കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം." പറഞ്ഞിട്ട് അവൻ തിരിഞ്ഞുനടന്നു.
ശരിക്കും എന്താണു സംഭവിച്ചതെന്ന് അപ്പോഴും ധനപാലനു പിടികിട്ടിയിരുന്നില്ല...
കോവളം ഹോട്ടൽ...
കവിളടക്കം അടിയേറ്റ മട്ടിൽ ഇരിക്കുകയാണ് ശിവദാസൻ.
സി.ഐ ധനപാലൻ അല്പം മുമ്പാണ് ഫോണിൽ വിവരം പറഞ്ഞത്.
ശിവദാസന്, മുഖ്യമന്ത്രിയുടെ മുഖത്തേക്കു നോക്കാൻ പോലുമുള്ള ധൈര്യം ഉണ്ടായില്ല.
''നേരം ഒന്നിരുട്ടിക്കോട്ടെ. അവളെ ഞാൻ കാണുന്നുണ്ട്. മരിയയെ...."
അയാൾ പിറുപിറുത്തു.
മാസ്റ്റർ മറുപടി നൽകിയില്ല.
രാത്രി 8 മണി.
ശിവദാസൻ ഹോട്ടലിൽ നിന്നിറങ്ങി. തന്നെ ആരും തിരിച്ചറിയാതിരിക്കാൻ അയാൾ ഒരു കർച്ചീഫ് മടക്കി തലയിലൂടെ ഇട്ടിരുന്നു.
ഈ നേരത്ത് മരിയ മാത്രമേ പഴയ കോട്ടേജിൽ കാണുകയുള്ളൂവെന്ന് അറിയാം ശിവദാസന്.
തെങ്ങിൻ തോപ്പിനു നടുവിൽ നിൽക്കുന്ന കോട്ടേജിനു മുന്നിൽ അയാൾ എത്തി.
തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ട് സിറ്റൗട്ടിലേക്ക് കയറി വാതിലിൽ മുട്ടി.
''മരിയേ..."
അകത്തുനിന്ന് ഒരു ശബ്ദം കേട്ടതുപോലെ തോന്നി.
അയാൾ വാതിലിൽ മെല്ലെ തള്ളി.
അത് തുറക്കപ്പെട്ടു.
അകത്ത് ഇരുട്ടായിരുന്നു.
ശിവദാസൻ അകത്തേക്കു കാൽ വച്ചു. ആ ക്ഷണം!
ആരോ അയാളെ പിന്നിൽ നിന്ന് അകത്തേക്കു തള്ളി വാതിൽ വലിച്ചടച്ചു...
(തുടരും)