rahul-gandhi

അമേഠി: സ്വന്തം മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിൽ എത്തിയ രാഹുൽ ഗാന്ധിക്ക് നേരെ കർഷകരുടെ പ്രതിഷേധം. പ്രതിഷേധത്തിനെത്തിയ കർഷകർ രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചു. അമേഠി ജില്ലയിലെ ഗൗരിഗഞ്ചിലാണ് സംഭവം. രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി വിട്ടുനൽകിയ ഭൂമി തിരിച്ചുനൽകുക അല്ലെങ്കിൽ ജോലി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഇന്നലെയായിരുന്നു രാഹുൽ അമേഠിയിൽ എത്തിയത്.

രാഹുൽ ഗാന്ധി ഞങ്ങളെ നിരാശപ്പെടുത്തുന്നു. രാഹുൽ ഇറ്റലിയിലേക്ക് തിരിച്ചുപോകുക. അദ്ദേഹം ഇവിടെ യോഗ്യനല്ല. ഞങ്ങളുടെ ഭൂമി രാഹുൽ പിടിച്ചെടുത്തു- പ്രതിഷേധക്കാരിൽ ഒരാളായ സഞ്ജയ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത സാമ്രാട്ട് സൈക്കിൾ ഫാക്ടറിയുടെ മുന്നിലായിരുന്നു കർഷകരുടെ പ്രതിഷേധം.

1980ലായിരുന്നു ജെയിൻ സഹോദരൻമാർ 65.57 ഏക്കർ ഭൂമി ഒരു കമ്പനി തുടങ്ങുന്നതിനായി ഏറ്രെടുത്തത്. കൗസർ പ്രദേശത്തെ ഭൂമിയായിരുന്നു ഏറ്റെടുത്തത്. എന്നാൽ കമ്പനി പിന്നീട് തകർന്നു. തുടർന്ന് 2014ൽ സ്ഥലം ലേലം ചെയ്തു. രാജീവ്ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റാണ് സ്ഥലം ലേലത്തിൽ പിടിച്ചത്. എന്നാൽ യു.പി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ ലേലം അസാധുവാക്കി. ഫാക്ടറിക്ക് തന്നെ സ്ഥലം തിരികെ കൊടുക്കാൻ ഗുരിഗഞ്ച് എസ്.ഡി.എം കോടതി ഉത്തരവിടുകയും ചെയ്തു. അന്ന് മുതൽ ഭൂമി രേഖകളിൽ യു.പി സ്റ്റേറ്റ് ഇൻഡസ്ട്രിയലിന്റെതാണ്. എന്നാൽ ഇപ്പോഴും രാജീവ് ഗാന്ധി ട്രെസ്റ്റ് തന്നെയാണ് കൈവശം വച്ചിരിക്കുന്നത്.

നേരത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും സംഭവത്തിൽ രാഹുൽഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുൽ കർശകരുടെ ഭൂമി പിടിച്ചെടുത്തിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. അതേസമയം,​ ഉത്തർപ്രദേശിൽ കൈവിട്ട നല്ല കാലം തിരിച്ചുപിടിക്കുന്നതിനായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറങ്ങിയ സാഹചര്യത്തിൽ തന്നെ ഇത്തരം പ്രതിഷേധം ഉയർന്നത് കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.