students

തിരുവനന്തപുരം: സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനായി വിദഗ്‌ദ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. എൽ.പി, യു.പി, ഹെെസ്‌കൂൾ, ഹയർസെക്കന്റെറി ഘടന മാറ്റാ‌‌നാണ് ശുപാർശ. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ കൊണ്ടുവരാനും ശുപാർശയിൽ പറയുന്നു. ഒന്ന് മുതൽ ഏഴു വരെ ഒരു സ്ട്രീമും, എട്ടു മുതൽ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീമുമാകും. ഒന്ന് മുതൽ ഏഴുവരെ അദ്ധ്യാപക യോഗ്യത ബിരുദവും ബി.എഡും എട്ടു മുതൽ 12 വരെ പി.ജിയും ബി.എഡും വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

ഡോ.എം.എ ഖാദർ അദ്ധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദഗ്‌ദ സമിതിയെ സർക്കാർ നിയോഗിച്ചത്. അംഗീകാരമില്ലാത്ത പ്രീ-സ്‌കൂൾ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.