കോഴിക്കോട്: മന്ത്രി കെ.ടി. ജലീന്റെ പേരിലുയർന്ന ബന്ധു നിയമന കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. താൻ ആദ്യം ആരോപണം ഉന്നയിച്ചപ്പോൾ ജലീലിനെ ന്യായീകരിക്കാതിരുന്ന സി.പി.എം നേതാക്കൾ പിന്നീട് കൂട്ടത്തോടെ എത്തിയത്, പാർട്ടി നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരപുത്രന് ഇൻഫർമേഷൻ കേരള മിഷനിൽ ഉന്നതപദവി ലഭിക്കാൻ കോടിയേരി ഇടപെട്ടത് പരസ്യമാക്കുമെന്ന് ജലീൽ ബ്ളാക്മെയിൽ ചെയ്തതിനു ശേഷമാണെന്നാണ് ഫിറോസിന്റെ ആരോപണം.
സി.പി.എം നേതാവ് കോലിയക്കോടിന്റെ സഹോദരൻ ദാമോദരൻ നായരുടെ മകൻ ഡി.എസ്. നീലകണ്ഠന് ഡെപ്യൂട്ടി ഡയറക്‌ടർ തസ്തികയിൽ ക്രമവിരുദ്ധ നിയമനം നൽകാൻ കോടിയേരി നിർദ്ദേശം നൽകിയെന്ന് വാർത്താസമ്മേളനത്തിൽ ഫിറോസ് ആരോപിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലാണ് ഇൻഫർമേഷൻ കേരള മിഷൻ. ജലീൽ വകുപ്പു മന്ത്രിയായിരിക്കെ, സ്ഥാപനത്തിൽ ടെക്‌നിക്കൽ ഡയറക്‌ടർ സ്ഥാനത്തേക്ക് ഡെപ്യൂട്ടേഷനിൽ ദാമോദരൻ നായരുടെ മകനെ നിയമിക്കാനുള്ള നീക്കം പ്രശ്നമാകുമെന്നായപ്പോൾ ഡെപ്യൂട്ടി ഡയറക്‌ടർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് അപേക്ഷ ക്ഷണിച്ചു.
27 പേർ പങ്കെടുത്ത അഭിമുഖ പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളെ ഒഴിവാക്കി, ഒരുലക്ഷം രൂപ ശമ്പളത്തിൽ നീലകണ്‌ഠനെ അഞ്ചു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. പിന്നീട്, പ്രതിവർഷം 10 ശതമാനം ശമ്പള വർദ്ധനവും നൽകിയെന്ന് ഫിറോസ് പറയുന്നു.