തിരുവനന്തപുരം: നാവായിക്കുളത്തെ പള്ളിവളപ്പിൽ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം രണ്ടാഴ്ച പിന്നിട്ടിട്ടും മരിച്ചതാരെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ ഡി.എൻ.എ പരിശോധനാഫലം വൈകുന്നതാണ് മൃതദേഹം തിരിച്ചറിയാനും പൊലീസ് അന്വേഷണത്തിനും തടസമാകുന്നത്. സംഭവദിവസം മുതൽ കാണാതായ കീഴാറ്റിങ്ങൽ സ്വദേശിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ, ഇയാളുടെ വീട്ടുകാർ ഇത് നിഷേധിച്ചതോടെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കാനാകാതെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ 8ന് രാവിലെയാണ് നാവായിക്കുളം വലിയപള്ളി വളപ്പിലെ കബർസ്ഥാനിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയിലായിരുന്നു. ആത്മഹത്യയാണോ അപായപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയതാകാമെന്ന് ശാസ്ത്രീയ പരിശോധനയിലൂടെയും പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക വിലയിരുത്തലിലും പൊലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞാലേ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരൂ. മുഖവും ശരീരമാസകലവും തിരിച്ചറിയാത്ത വിധം വികൃതമായതാണ് ആളെ തിരിച്ചറിയാൻ പ്രയാസമാകുന്നത്.
ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണയുടെ അംശം മൃതദേഹം കിടന്ന സ്ഥലത്തെ മണ്ണിൽ നിന്നും ചാരത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പള്ളിയുടെ പരിസരത്തെ കടകളിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാൻ കഴിയത്തക്ക ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലത്തെ ആശ്രയിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ ശ്രമം.