ksrtc-electronic-bus

തിരുവനന്തപുരം: ശബരിമലയിൽ സർവീസ് നടത്തി റെക്കാഡിട്ട കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ ഇനി തിരുവനന്തപുരം- കൊച്ചി റൂട്ടിൽ ടോപ്പ് ഗിയറിലോടും. തുച്ഛമായ ചെലവിൽ ദേശീയപാതവഴി ഇലക്ട്രിക് ബസുകൾ ഓടിച്ച് ലാഭമുണ്ടാക്കാമെന്ന കണക്കുകൂട്ടലാണ് പുതിയ സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ശബരിമലയിൽ നിന്ന് തിരിച്ചെത്തിച്ച ബസുകളുടെ സീറ്റുകൾ ദീർഘദൂര സർവീസിന് യോജിക്കും വിധം ഹെഡ് റസ്റ്റ് സംവിധാനത്തിലേക്ക് മാറ്റുന്നജോലികൾ പൂർത്തിയായാലുടൻ ഇവ പുതിയ റൂട്ടിൽ പായും.

ഡീസൽ ഉപയോഗിച്ച് സർവീസ് നടത്തുന്ന എ.സി ബസുകൾക്ക് കി.മീറ്ററിന് 90 രൂപയും വോൾവോ ബസുകൾക്ക് 66 രൂപയും ചെലവ് വരുമ്പോൾ വൈദ്യുതി ചാർജുൾപ്പെടെ 48.20 രൂപ നിരക്കിൽ ഇലക്ട്രിക് ബസുകൾ ഓടിക്കാം. ഇലക്ട്രിക് ബസ് ഓപ്പറേറ്റ് ചെയ്യുന്ന ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക് ലിമിറ്റഡെന്ന കമ്പനിതന്നെ ഡ്രൈവറെയും നൽകുന്നതിനാൽ കി.മീറ്ററിന്16 രൂപ നിരക്കിൽ ഡ്രൈവറുടെ ശമ്പളവും ലാഭിക്കാം. ഇത്തരത്തിൽ ഒരു കി.മീറ്ററിന്11 രൂപ നിരക്കിൽ ലാഭം കിട്ടുമെന്ന കണക്കുകൂട്ടലാണ് എ.സി ജൻറം ബസുകൾക്കൊപ്പം തിരുവനന്തപുരം- കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച് ഇലക്ട്രിക് ബസുകൾ ഓപ്പറേറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തത്.

ചൈനീസ് കമ്പനിയായ ബി.വൈ.ഡിയുടെ സാങ്കേതിക സഹകരണത്തോടെ നിർമ്മിച്ച രണ്ടു കോടി രൂപ വിലവരുന്ന ബസുകൾ വാങ്ങാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ വാടകയ്ക്കെടുത്താണ് കെ.എസ്.ആർ.ടി.സി ഓടിക്കുന്നത്. കണ്ടക്ടറെ കെ.എസ്.ആർ.ടി.സി നൽകും. വൈദ്യുതി ചാർജും വഹിക്കും. ഡ്രൈവർക്ക് പുറമേ ടാക്സ്, മെയിന്റനൻസ്, ക്ളീനിംഗ് തുടങ്ങിയവ കമ്പനിയുടെ ചുമതലയാണ്.

തിരുവനന്തപുരം - കൊച്ചി

ദൂരം(അങ്ങോട്ടും ഇങ്ങോട്ടും)- 400 കി.മീറ്റർ

ലോഫ്ളോർ എസി നിരക്ക്- 357 രൂപ(ഒരുവശത്തേക്ക്)

ഇലക്ട്രിക് ബസ്, ലാഭക്കണക്ക്

തിരുവനന്തപുരം - കൊച്ചി @ 375

സീറ്റ് - 33

കളക്ഷൻ - 33x375x2= 24750രൂപ

ചെലവ് - 43.20x400= 17280രൂപ

ഇലക്ട്രിസിറ്രി -400x4= 1600രൂപ

ആകെ ചെലവ് - 18,880രൂപ

ലാഭം - 5,870 രൂപ

(മറ്രെല്ലാ സർവീസുകളും 5000 മുതൽ 10000 രൂപാ വരെ നഷ്ടത്തിലാണ് ഓടുന്നത്)

പ്രത്യേകതകൾ

 പുഷ് ബാക്ക് സംവിധാനമുള്ള 33 സീറ്റ്

 10 വർഷത്തേക്ക് ജി.സി.സി വ്യവസ്ഥയിൽ കരാർ

 ഒരു കി.മീ ഓടാൻ 0.8 യൂണിറ്റ് വൈദ്യുതി

 എൻജിന് പകരം പിൻവീലിൽ ഇലക്ട്രിക് മോട്ടോറുകൾ

 ഓട്ടോമാറ്റിക് ഗിയറായതിനാൽ ഡ്രൈവിംഗ് ആയാസരഹിതം

'' ഇലക്ട്രിക് ബസുകൾ ലാഭകരമായി സർവീസ് നടത്താൻ കഴിയുമെന്ന് തെളിഞ്ഞതോടെയാണ് ശബരിമല സീസണ് ശേഷം തിരുവനന്തപുരം - കൊച്ചി റൂട്ടിൽ ഓടിക്കാൻ ഉദ്ദേശിക്കുന്നത്. സീറ്റുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയശേഷം ഇവ ഉടൻ നിരത്തിലിറങ്ങും.

ടോമിൻ തച്ചങ്കരി, എം.ഡി, കെ.എസ്.ആർ.ടിസി