കാസർകോട്: കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്ക് ഇല്ലെന്ന നിലപാട് ആവർത്തിച്ച് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം പി. കോൺഗ്രസിന്റെ ഏത് സമുന്നതനായ നേതാവ് വന്നാലും തങ്ങളുടെ സീറ്റ് ആർക്കും വിട്ടുകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് ജോസ് കെ മാണി ഫ്ളാഷിനോട് പറഞ്ഞു.
കോട്ടയം ലോക്സഭാ മണ്ഡലം കോൺഗ്രസിനു വിട്ടുകൊടുക്കണമെന്ന് പറയുന്നതിൽ ന്യായമില്ല. കോട്ടയം കേരള കോൺഗ്രസിന്റെ സീറ്റാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യ നിഷാ ജോസ് കെ. മാണി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹവും അദ്ദേഹം നിഷേധിച്ചു. തന്റെ ഭാര്യ മൽസരിക്കില്ല. മത്സരിക്കുന്ന സ്ഥാനാർത്ഥിയെ കേരള യാത്രയ്ക്ക്‌ശേഷം തീരുമാനിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചർച്ചകൾ ഇതുവരെ മുന്നണിയിൽ തുടങ്ങിയിട്ടില്ല. യു.ഡി.എഫിൽ ചർച്ച ചെയ്യുമ്പോൾ പാർട്ടിയുടെ ആവശ്യം മുന്നോട്ട് വെക്കും. കൂടുതൽ സീറ്റ് കിട്ടാൻ പാർട്ടിക്ക് അർഹത ഉണ്ടെന്ന് എല്ലാവർക്കും അറിയാം. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ പാർട്ടിക്ക് കിട്ടിയേ തീരൂ. ഇടുക്കി സീറ്റ് ലഭിക്കണമെന്നാണ് തങ്ങൾ കൂടുതലായി ആഗ്രഹിക്കുന്നത്.
മുന്നണിയിലെ ഘടകകക്ഷികൾക്ക് നിലവിലുള്ള സീറ്റിന് പുറമെ കൂടുതൽ സീറ്റുകൾ അനുവദിക്കുന്ന കാര്യം അജണ്ടയിൽ ഇല്ലെന്ന മുന്നണിനേതാക്കളുടെ പ്രസ്താവനകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ചർച്ച നടക്കട്ടെ അപ്പോഴല്ലേ കൂടുതൽ സീറ്റിന്റെ കാര്യം പറയാനൊക്കുകയുള്ളൂ. ഏതായാലും കേരളയാത്ര അടുത്തമാസം 15 ന് തിരുവനന്തപുരത്ത് സമാപിച്ചതിന് ശേഷം മാത്രമേ കേരള കോൺഗ്രസ് ചർച്ചയ്ക്കുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കർഷക രക്ഷ, മതേതര ഭാരതം, പുതിയകേരളം എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരള കോൺഗ്രസ് എം നടത്തുന്ന കേരളയാത്രയുടെ ഭാഗമായാണ് അദ്ദേഹം കാസർകോട്ടെത്തിയത്. ജോസ് കെ മാണി നയിക്കുന്ന യാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങി. അതേസമയം, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കോട്ടയത്ത് നിന്നും മത്സരിപ്പിക്കുന്നതിന് കോൺഗ്രസ് പാർട്ടിയിൽ ആലോചനകൾ തുടങ്ങിയിരുന്നു.
ആദ്യഘട്ടത്തിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞ ഉമ്മൻചാണ്ടിയും പിന്നീട് മത്സരിക്കാമെന്ന നിലപാടിലേക്കെത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കും ഇക്കാര്യത്തിൽ സൂചനകൾ നൽകുകയും ചെയ്‌തിരുന്നു. എന്നാൽ കേരള കോൺഗ്രസ് ഇക്കാര്യത്തിൽ വിട്ടുവീഴ്‌ചക്കില്ലെന്ന് വ്യക്തമാക്കിയതോടെ ഉമ്മൻചാണ്ടിക്ക് വേണ്ടി പുതിയ സീറ്റ് തേടുകയാണ് കോൺഗ്രസ്. ഇതിനിടയിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിച്ചതും തിരിച്ചടിയായിട്ടുണ്ട്.