tata

കൊച്ചി: ആകർഷകമായ രൂപകല്‌പനയും മികച്ച പെർഫോമൻസും ഒട്ടേറെ ഫീച്ചറുകളും സംയോജിപ്പിച്ച് ടാറ്റാ മോട്ടോഴ്‌സ് ഒരുക്കിയ പ്രീമിയം എസ്.യു.വിയായ ഹാരിയർ കേരള വിപണിയിലെത്തി. ലാൻഡ് റോവറിന്റെ ഡി8 പ്ളാറ്ര്‌ഫോമിൽ നിർമ്മിച്ച ഹാരിയറിന് എക്‌സ്.ഇ., എക്‌സ്.എം., എക്‌സ്.ടി., എക്‌സ്.ഇസഡ് വേരിയന്റുകളാണുള്ളത്. എക്‌സ്.ഇയ്ക്ക് 12.69 ലക്ഷം രൂപയും ടോപ് വേരിയന്റായ എക്‌സ്.ഇസഡിന് 16.39 ലക്ഷം രൂപയുമാണ് വില.

ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുകൂലമായി, ഒപ്‌ടിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ളോബൽ അഡ്വാൻസ്ഡ് (ഒമേഗ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി, ഇംപാക്‌ട് 2.0 ഡിസൈനിലാണ് ഹാരിയറിന്റെ നിർമ്മാണമെന്ന് കൊച്ചിയിൽ ലോഞ്ചിംഗ് ചടങ്ങിൽ ടാറ്രാ മോട്ടോഴ്‌സ് ചീഫ് ടെക്‌നോളജി ഓഫീസർ രാജേന്ദ്ര പേട്‌കർ പറഞ്ഞു. 140 പി.എസ് കരുത്തും 350 എൻ.എം. ടോർക്കുമുള്ള, 4-സിലിണ്ടർ, ക്രയോടെക് 2.0 ലിറ്രർ ടർബോചാർജ്ഡ് ഡീസൽ എൻജിനാണുള്ളത്. ഗിയറുകൾ 6-സ്‌പീഡ് മാനുവൽ. എക്കോ, സ്‌പോർട്‌സ്, സിറ്രി ഡ്രൈവ് മോഡുകളുണ്ട്. ഹാരിയറിന്റെ ഓട്ടോമാറ്രിക് വേരിയന്റും ഉടനെത്തും.

ഇ.ബി.ഡിയോട് കൂടിയ ആന്റിലോ‌ക്ക് ബ്രേക്കിംഗ് സിസ്‌റ്രം (എ.ബി.എസ്), ആറ് എയർബാഗുകൾ, ഇലക്‌ട്രോണിക് ട്രാക്‌ഷൻ കൺട്രോൾ തുടങ്ങി ഒട്ടേറെ സുരക്ഷാ സൗകര്യങ്ങളും 8.8 ഇഞ്ച് ടച്ച് സ്‌ക്രീനോട് കൂടിയ അത്യാധുനിക ഇൻഫോടെയ്‌ൻമെന്റ് സംവിധാനവും അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ഹാരിയറിന്റെ മികവാണെന്ന് ചടങ്ങിൽ ടാറ്രാ മോട്ടോഴ്‌സ് പ്രോഡക്‌ട് ലൈൻ മേധാവി മോഹൻ സർവർക്കർ പറഞ്ഞു. 425 ലിറ്രറാണ് ബൂട്ട്‌സ്‌പേസ്. പിൻസീറ്ര് മടക്കി ഇത് 810 ലിറ്ററാക്കി ഉയർത്താം. മാരുതി സുസുക്കിയുടെ 'നെക്‌സ" മാതൃകയിൽ പ്രത്യേക ഷോറൂമുകൾ ടാറ്രാ മോട്ടോഴ്‌സ് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.