വിവിധ തരം കട്ലറ്റുകളുണ്ട്. വെജിറ്റബിൾ കട്ലറ്റ് തുടങ്ങി ചിക്കൻ കട്ലറ്റ് വരെ നീളുന്നു നിര. എരുവും മസാലകളും കൂടിചേർന്നാൽ ഇവയ്ക്ക് പ്രത്യേക ടേസ്റ്റാണ്. വെജിറ്റബിൾ കട്ലേറ്റിന് കൂട്ടുകളുടെ എണ്ണം കൂടുംതോറും രുചിയും കൂടും. വിവിധ പച്ചക്കറികൾ ചേർത്ത് വെറെെറ്റി വെജിറ്റബിൾ കട്ലേറ്റ് ഒന്ന് പരീക്ഷിച്ചാലോ?
ചേരുവകൾ
ഉരുളക്കിഴങ്ങ് ........... 2
സവാള ...................... 1
ക്യാബേജ് ............. അരക്കപ്പ്
ബീറ്ററൂട്ട് ................ കാൽ കപ്പ്
ഗ്രീൻപീസ് .............2 ടേബിൾ സ്പൂൺ
പച്ചമുളക് ................... 4
ഗരം മസാല .................. 1 ടീസ്പൂൺ
മുളകുപൊടി ............1 ടീസ്പൂൺ
ചാട്ട് മസാല ............... 1 ടീസ്പൂൺ
കുരുമുളകുപൊടി .............1 ടീസ്പൂൺ
ബ്രഡ് ക്രംമ്പ്സ് അല്ലെങ്കിൽ
റസ്ക് പൗഡർ ........... ആവശ്യത്തിന്
ഉപ്പ് ..................... ആവശ്യത്തിന്
എണ്ണ .................. ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് വേവിയ്ക്കുക. എന്നിട്ട് തൊലി കളയുക. ക്യാബേജ്, ബീറ്റ്റൂട്ട് എന്നിവ ഗ്രേറ്റു ചെയ്യുക. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയണം. ഗ്രീൻപീസ് വേവിയ്ക്കണം. വേവിച്ച ഉരുളക്കിഴങ്ങും ഗ്രീൻപീസും നല്ലപോലെ ഉടയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള പച്ചക്കറികളും മുളകും ചേർക്കണം. ബാക്കിയെല്ലാ മസാലകളും ഉപ്പും ഇതിൽ ചേർക്കുക. ഇവ നല്ലപോലെ കൂട്ടിക്കൽത്തുക. മൈക്രോവേവ് കൺവെൻഷൻ മോഡിൽ 250 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്യുക. പച്ചക്കറിക്കൂട്ടെടുത്ത് കട്ലറ്റ് ആകൃതിയിൽ കൈവെള്ളയിൽ വച്ചു പരത്തുക. ഇത് കയ്യിൽ പിടിക്കാതിരിക്കാൻ കൈയിൽ അൽപ്പം എണ്ണ പുരട്ടാം. ഇത് ബ്രഡ് ക്രംമ്പ്സിൽ മുക്കിയെടുക്കുക. മൈക്രോവേവ് പാത്രത്തിൽ അൽപം എണ്ണ പുരട്ടി കട്ലറ്റ് ഇതിൽ വച്ച് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ പാചകം ചെയ്തെടുക്കുക. സോസ് ചേർത്ത് ചൂടോടെ കഴിയ്ക്കാം.