കേരള വണിക വൈശ്യ സംഘം പ്ലാറ്റിനം ജൂബിലി നിറവിലാണ്. അവഗണിക്കപ്പെട്ടുകിടന്ന കേരളത്തിലെ വണികവൈശ്യ സമുദായം കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലത്തെ നിരന്തര പോരാട്ടങ്ങളിലൂടെ കരുത്തുറ്റ സാന്നിദ്ധ്യമായി മാറി.
1942 മാർച്ച് 25 നാണ് കേരള വണിക - വൈശ്യ സംഘം രൂപീകൃതമായത്. തുടക്കകാലത്ത് സംസ്ഥാനത്തുടനീളം ശാഖകൾ രൂപീകരിച്ച് സംഘടനാ പ്രവർത്തനങ്ങൾ ശക്തമാക്കുകയും സർക്കാരിൽ നിന്നും ഒ.ബി.സി ആനുകൂല്യവും ഉദ്യോഗ-വിദ്യാഭ്യാസ സംവരണവും നേടിയെടുക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ഖാദി ബോർഡിന്റെയും സഹായത്തോടെ എണ്ണയാട്ടു വ്യവസായ സഹകരണസംഘങ്ങൾ രൂപീകരിച്ചു.
ദേശീയ പ്രസ്ഥാനത്തോട് തോളുരുമ്മിനിന്ന് പ്രവർത്തിച്ച, സാമൂഹ്യപ്രതിബദ്ധതയുള്ള നേതാക്കളുടെ നേതൃപാടവമാണ് സമുദായ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ആർ.എസ്.എ രാമകൃഷ്ണൻ ചെട്ടിയാർ, സി.അറുമുഖൻ ചെട്ടിയാർ, എസ്.എസ്.ചെട്ടിയാർ, പത്മനാഭൻ ചെട്ടിയാർ, ഷണ്മുഖൻ ചെട്ടിയാർ തുടങ്ങിയവരുടെ നേതൃപാടവവും അശ്രാന്ത പരിശ്രമവും കൊണ്ടാണ് സംഘത്തിന് പുരോഗതി കൈവരിക്കാനായത്.
എൺപതുകളിൽ സമുദായാചാര്യൻ എ.സി. താണുവും എസ്.കുട്ടപ്പൻ ചെട്ടിയാരുമുൾപ്പെടുന്നവർ നേതൃസ്ഥാനത്തെത്തിയതോടെ സംഘടനയ്‌ക്ക് പുതിയ ദിശാബോധം കൈവന്നു. ഇവരുടെ പരിശ്രമഫലമായാണ് തിരുവനന്തപുരം വലിയശാലയിൽ ആസ്ഥാനമന്ദിരം സ്വന്തമാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും കഴിഞ്ഞത്. 1990, 1994, 1997, 2000, 2003, 2007, 2010 വർഷങ്ങളിലെ സംസ്ഥാന സമ്മേളനങ്ങളിലും സമൂഹവിവാഹങ്ങൾ നടത്തി.
മാതൃകാ പദ്ധതികൾ
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് പുതിയ ചില കാൽവെയ്പ്പുകളോടെയാണ്. കെ.വി.വി.എസ് മെഡിക്കൽ മിഷൻ, കെ.വി.വി.എസ് പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റി, കെ.വി.വി.എസ് ഹെൽപ്പ് ഡെസ്ക് തുടങ്ങിയ സംരംഭങ്ങൾ സമ്മേളനത്തിനു മുന്നോടിയായി ആരംഭിച്ചു . ആതുര ശൂശ്രൂഷാരംഗത്ത് കേന്ദ്ര -സംസ്ഥാന സർക്കാരുകളും സാമൂഹികസംഘടനകളും നടപ്പിലാക്കിയിട്ടുള്ള ക്ഷേമപദ്ധതികളും സഹായങ്ങളും അർഹർക്ക് എത്തിച്ചുകൊടുക്കുന്ന കർമ്മപദ്ധതിയാണ് കെ.വി.വി.എസ് മെഡിക്കൽ മിഷന്റേത്. കെ.വി.വി.എസ് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റിയാണ് സംഘത്തിന്റെ മുഖപത്രമായ സംഘശബ്ദം പ്രസിദ്ധീകരിക്കുന്നത്. കെ.വി.വി.എസ് ഹെൽപ്പ് ഡെസ്ക് , കേന്ദ്ര -സംസ്ഥാന ക്ഷേമപദ്ധതികളുടെ പ്രയോജനം വണിക വൈശ്യ സമൂഹത്തിലെ അർഹതപ്പെട്ട കുടുംബങ്ങൾൾക്ക് എത്തിച്ചുകൊടുക്കുന്നു. ഓരോ ശാഖയിലും പ്ലാറ്റിനം ജൂബിലി കാലയളവിൽ ജനിച്ച ഏറ്റവും പാവപ്പെട്ട കുടുംബത്തിലെ ഒരു കുട്ടിക്ക് സമ്മേളന ഫണ്ടിൽ നിന്നും 10001 രൂപ, 20 വർഷത്തേക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ട് സർട്ടിഫിക്കറ്റ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വണികവൈശ്യരുടെ കുലത്തൊഴിലായ എണ്ണയാട്ട് വ്യവസായത്തെ മേക്ക് - ഇൻ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്.
കേരള വണികവൈശ്യ മഹിളാഫെഡറേഷൻ, കേരള വണിക വൈശ്യ യൂത്ത് ഫെഡറേഷൻ, ഉദ്യോഗസ്ഥരെയും കച്ചവടക്കാരെയും സംഘടിപ്പിച്ചുകൊണ്ട് സ്‌നേഹസമാജ് കേരള, സ്‌നേഹസമാജ് കേരളയുടെ നേതൃത്വത്തിൽ വണികവൈശ്യ യുവതീയുവക്കളുടെ വിവാഹകാര്യങ്ങൾക്കായി സ്‌നേഹസമാജ് മാട്രിമോണി, കുട്ടിക്കൂട്ടായ്മയായ ബാലശലഭം, കലാസംസ്‌കാരിക രംഗത്തെ പ്രതിഭകളെ സംഘടിപ്പിച്ചുകൊണ്ട് ചിലമ്പ് സാംസ്‌കാരികസംഘം, വണിക വൈശ്യ പ്രവാസിസംഘം, കെ.വി.വി.എസ് ഹെറിട്ടേജ് സെന്റർ തുടങ്ങിയ പോഷകസംഘടനകൾ നന്നായി പ്രവർത്തിക്കുന്നു.
എറ്റവും പിന്നോക്കം നില്ക്കുന്ന, പരമ്പരാഗത തൊഴിൽ സമൂഹങ്ങളായ, പ്രത്യേകമായി സംവരണമോ മറ്റവകാശങ്ങളോ ഇന്നുവരെ ലഭിക്കാത്ത 30 സമുദായങ്ങളെ സംഘടിപ്പിച്ച് മോസ്റ്റ് ബാക്ക്‌വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ്) എന്ന സംഘടന 1992 ൽ രൂപികരിക്കാൻ സംഘത്തിനു കഴിഞ്ഞു. എം.ബി.സി.എഫ് ന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തി
2014 മേയിൽ ഒ.ഇ.സി ആനുകൂല്യങ്ങൾ അനുവദിപ്പിച്ചു. മുപ്പത് സമുദായങ്ങളിലെ ആറ് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ഒരു രൂപ പോലും ഫീസ് കൊടുക്കാതെയും ലംസം ഗ്രാന്റും സ്റ്റൈപന്റും വാങ്ങിയും എൽ.കെ.ജി മുതൽ ഏതറ്റം വരെയും പഠിക്കുന്നതിനുള്ള അവസരമാണ് ഇതുമൂലം ഉണ്ടായത്. മുപ്പതു സമുദായങ്ങളിലെ ലക്ഷക്കണക്കിനു കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നു.
സംവരണ സമുദായ മുന്നണി
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സംവരണതത്വം അനുസരിച്ച് സംവരണം ലഭിക്കുന്ന കേരളത്തിലെ എസ്.എൻ.ഡി.പി ഉൾപ്പെടെയുള്ള എല്ലാ സംഘടനകളെയും ഒരു കുടക്കീഴിൽ അണിനിരത്തി സംവരണ സമുദായ മുന്നണി എന്ന സംഘടനയ്ക്ക് രൂപം നൽകി.
വണികവൈശ്യ സമുദായത്തിന്റെയും ഇതര പിന്നാക്ക സമുദായങ്ങളുടെയും മുന്നണിപ്പോരാളിയായ കേരളാ വണിക വൈശ്യസംഘം സമുദായോദ്ധാരണ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവുകയാണ്.
( ലേഖകൻ കേരള വണിക വൈശ്യ സംഘം സംസ്ഥാന പ്രസിഡന്റാണ് )