അമേഠി: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാൻ രണ്ടും കൽപ്പിച്ച് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്. ഇതിന്റെ ഭാഗമായി വൻ പ്രചരണ പരിപാടികളാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. നിലവിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്വന്തം മണ്ഡലമായ അമേഠിയിലാണ് രാഹുൽ ഗാന്ധിയുള്ളത്. സർവ്വ സന്നാഹത്തോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് രാഹുൽ ഗാന്ധി അമേഠിയിൽ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് കൂടാതെ അടുത്ത ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഉജ്വലവിജയം കൈവരിക്കുമെന്ന് പറഞ്ഞ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മോദി വ്യവസായികളുടെ കടങ്ങൾ മാത്രമാണ് എഴുതിത്തളുന്നത്. രാജ്യത്തിന്റെ കാവൽക്കാരൻ ഒരു കള്ളനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് രാഹുൽ വ്യക്തമാക്കി.
നമ്മുടെ പ്രധാനമന്ത്രി ദൈവത്തിന്റെ പേരിൽ സത്യം ചെയ്യും. എന്നിട്ട് അദ്ദേഹം നമ്മളോട് കള്ളം പറയും. അധികാരത്തിലേറുമ്പോൾ വാഗ്ദ്ധാനം ചെയ്‌ത അച്ഛേ ദിൻ എവിടെയാണെന്നും രാഹുൽ ചോദിച്ചു. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന കോൺഗ്രസിന്റെ വാഗ്ദ്ധാനം ഞങ്ങൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. സി.ബി.ഐ ഡയറക്ടറെ ഇത്ര പെട്ടെന്ന് മാറ്റിയത് എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.