kerala-bjp

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾക്കായി തൃശൂരിൽ ചേർന്ന കോർകമ്മിറ്റി യോഗത്തിൽ ബി.ജെ.പി നേതാക്കൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി റിപ്പോർട്ട്. പ്രധാനമായും ശബരിമല സമരത്തെക്കുറിച്ചായിരുന്നു നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നത്. ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം വേണ്ടത്ര ഫലം കണ്ടില്ലെന്ന് വി.മുരളീധരപക്ഷം ആരോപിച്ചു. സമരം പലപ്പോഴും ജനങ്ങളുടെ മുന്നിൽ ബി.ജെ.പിയെ അപഹാസ്യരാക്കി. ഇങ്ങനെയൊരു സമരം അനാവശ്യമായിരുന്നുവെന്നും വാദമുയർന്നു. എന്നാൽ ശബരിമല സമരം പൂർണ വിജയകരമായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.സിന് നാല് സീറ്റുകൾ നൽകാനും യോഗത്തിൽ തീരുമാനമായി. ഏതൊക്കെ സീറ്റുകൾ നൽകണമെന്ന കാര്യത്തിൽ എൻ.ഡി.എയിൽ ചർച്ച നടക്കും. ഇതിന് ശേഷം മാത്രേ ബി.ജെ.പിയുടെ സീറ്റുകൾ സംബന്ധിച്ച അന്തിമ ധാരണയാകൂ. അതേസമയം, തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയായതായി നേരത്തെ പാർട്ടി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തനിക്കൊന്നും പറയാനില്ല. ഗവർണർ സ്ഥാനത്തിലിരിക്കുന്ന ഒരാളെക്കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. സംസ്ഥാന പ്രസിഡന്റിന് മത്സരിക്കാം. എന്നാൽ പവർ പൊളിറ്റിക്‌സിനേക്കാൾ തനിക്ക് സംഘടനാ പ്രവർത്തനത്തിനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.