bjp

തൃശൂർ: ശബരിമല നട കുംഭ മാസത്തിൽ തുറക്കുമ്പോൾ ആചാരലംഘനം നടത്താൻ തന്നെയാണ് സർക്കാർ തീരുമാനമെങ്കിൽ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ശബരിമല അയ്യപ്പ വിശ്വാസികൾക്കെതിരെ കേരള സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരെ ശക്തമായ പ്രചരണ പ്രക്ഷോഭങ്ങൾ ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. തൃശൂരിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾക്ക് ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് പകരം രാഷ്ട്രീയമായി ജനങ്ങളെ ഭിന്നിപ്പിച്ച് ലാഭം കൊയ്യാനുള്ള വില കുറഞ്ഞ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പ്രളയാനന്തര കേരളം വളരെ വലിയ തോതിലുള്ള സാമ്പത്തിക ഞെരുക്കം നേരിടുന്ന സന്ദർത്തിൽ പുനർനിർമ്മിക്കുന്നതിന് പകരം മറ്റ് കാര്യങ്ങളാണ് സർക്കാർ ചർച്ച ചെയ്യുന്നത്. ശബരില വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെയാകെ മുൾ മുനയിൽ നിർത്തിയ സർക്കാർ വീണ്ടും തെറ്രുകൾ ആവർത്തിക്കുന്നതിനുള്ള നീക്കം തന്നെയാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ ശബരിമല സമരത്തെച്ചൊല്ലി ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം കോർ കമ്മിറ്റി യോഗത്തിൽ വിശദമാക്കി. ജനങ്ങൾക്ക് മുന്നിൽ ബി.ജെ.പിയെ അപഹാസ്യരാക്കാനാണ് സമരം ഇടയാക്കിയതെന്ന് മുരളീധരപക്ഷം പറഞ്ഞു. എന്നാൽ സമരം വൻ വിജയമായിരുന്നെന്ന് ശ്രീധരൻപിള്ള പക്ഷം പറഞ്ഞു. ബി.ഡി.ജെ.എസിനും യോഗത്തിൽ രൂക്ഷ വിമർശനം നേരിട്ടു. 8 സീറ്റ് ചോദിച്ചത് അധികപ്രസംഗമാണെന്നും ഇത്ര സീറ്റിൽ മത്സരിക്കാനുള്ള ആളുണ്ടോയെന്നും വിമർശനം ഉയർന്നു. ബി.ഡി.ജെ.എസിന് സീറ്റ് നൽകിയ ശേഷമേ ബി.ജെ.പിയുടെ സീറ്റുകൾ തീരുമാനിക്കൂവെന്നും യോഗം വിശദമാക്കി.