മലയാളികളുടെ പ്രിയതാരം ഭാവന കന്നടയുടെ മരുമകളായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ഇൻസ്റ്റഗ്രാമിലൂടെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേർന്നിരിക്കുകയാണ് താരം. 2018 ജനുവരി 22 നായിരുന്നു തൃശൂർ തിരുവമ്പാടി ക്ഷേത്രനടയിൽ വച്ച് കന്നട നിർമാതാവും ബിസിനസുകാരനുമായ നവീൻ ഭാവനയെ താലിചാർത്തിയത്.
'ഒരു സാധാരണ ജീവിതത്തെ പ്രണയം കൊണ്ട് ഫെയറി ടെയിൽ പോലെ മനോഹരമാക്കി. എന്റെ പ്രിയതമന് വിവാഹവാർഷികാശംസകൾ’ എന്നായിരുന്നു ഭാവന കുറിച്ചത്. നവീനൊപ്പമുള്ള വിവാഹ ചിത്രവും നടി പങ്കുവച്ചു. നിരവധി സുഹൃത്തുക്കളും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും വിവാഹവാർഷികാശംസകൾ നേർന്നു. താരത്തിന്റെ കന്നഡ ചിത്രങ്ങളായ ഇൻസ്പെക്ടർ വിക്രം, മൻജിന ഹണി എന്നിവ അണിയറയിൽ ഒരുങ്ങുകയാണ്.