ന്യൂഡൽഹി: മേഘാലയയിലെ ഈസ്റ്റ് ജയ്ന്തിയ ജില്ലയിലെ കൽക്കരി ഖനി തകർന്ന് കാണാതായ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ഒരു മാസത്തിലധികമായി തുടരുന്ന തെരച്ചിലിനൊടുവിലാണ് ഇന്നലെ മൃതദേഹം പുറത്തെടുത്തത്. ഡിസംബർ 13നാണ് ഖനിയപകടത്തിൽ 15 തൊഴിലാളികളെ കാണാതായത്. തുടർന്ന് നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഒരു മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 370 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു. വെള്ളം നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഖനിയിൽ യു.ആർ.ഒ എന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച പൂർണമായി അഴുകിയ നിലയിൽ കണ്ടെത്തിയ മറ്റൊരു മൃതദേഹം ആഴത്തിലേക്ക് തെന്നി വീണിരുന്നു. ഇത് ഇതുവരെ കണ്ടെത്താനായിട്ടില്ല. 43 ദിവസങ്ങളായി സംഘം പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ നേതൃത്വത്തിൽ തെരച്ചിൽ ശക്തമായി നിരീക്ഷിച്ചുവരികയാണ്.