india

നേപ്പിയർ: വനിതകളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ ന്യൂസിലൻഡിനെ കീഴടക്കി. ഇന്നലെ നേപ്പിയറിൽ നടന്ന മത്സരത്തിൽ ഓപ്പണർമാരായ സ്മൃതി മന്ദാനയുടെ (105) സെഞ്ച്വറിയുടെയും ജമെയ്മ റോഡ്രിഗസിന്റെ (81) അർദ്ധ സെഞ്ച്വറിയുടെയും മികവിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 48.4 ഓവറിൽ 192 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഇന്ത്യ 33 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്മൃതിയും ജമെയ്മയും ഓപ്പണിംഗ് വിക്കറ്റിൽ 190 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ വിജയം അനായാസമാക്കുകയായിരുന്നു. 104 പന്ത് നേരിട്ട് 9 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് കഴിഞ്ഞ വർഷത്തെ മികച്ച വനിതാ താരമായി ഐ.സി.സി തിരഞ്ഞെടുത്ത സ്മൃതിയുടെ സെഞ്ച്വറി ഇന്നിംഗ്സ്. ഏകദിനത്തിൽ സ്മൃതിയുടെ നാലാമത്തെ സെഞ്ച്വറിയാണിത്. യുവ സെൻസേഷൻ ജമെയ്മയുടെ ഏകദിനത്തിലെ കന്നി അർദ്ധ സെഞ്ച്വറിയാണിത്. 9 ഫോറുൾപ്പട്ടതാണ് ജമെയ്മയുടെ ഇന്നിംഗ്സ്.

നേരത്തേ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പൂനം യാദവും ഏക്താ ബിഷ്തും ചേർന്നാണ് ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ തകർത്തത്. ദീപ്തി ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി. 36 റൺസെടുത്ത ഓപ്പണർ സൂസി ബെയ്റ്റ്സാണ് ന്യൂസിലൻഡിന്റെ

ടോപ് സ്കോറർ.ആമി സാറ്റർത്ത്‌വൈറ്റ് 31 റൺസെടുത്തു.