കൊച്ചി: മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്‌ബാക്കായ വാഗൺആറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. ആകർഷകവും കരുത്തുറ്റതുമായ രൂപകല്‌പന, വിശാലമായ അകത്തളം, മികച്ച ഇൻഫോടെയ്‌ൻമെന്റ് സിസ്‌റ്രം, അഡ്വാൻഡ്‌സ് കെ-സീരീസ് എൻജിൻ, ഓട്ടോ ഗിയർ ഷിഫ്‌റ്ര്, ഡ്രൈവർ എയർബാഗ്, എ.ബി.എസ്., ഇ.ബി.ഡി., റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ ഒട്ടേറെ സവിശേഷതകളാൽ സമ്പന്നമാണ് പുത്തൻ വാഗൺആർ.
അഞ്ചാംതലമുറ ഹാർടെക്‌റ്ര് പ്ളാറ്ര്‌ഫോമിലാണ് പുത്തൻ വാഗൺആറിന്റെ നിർമ്മാണം.
1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ വേരിയന്റുകളാണുള്ളത്. 1.0ലിറ്റർ എൻജിൻ 22.5 കിലോമീറ്ററും 1.2 ലിറ്റർ എൻജിൻ 21.5 കിലോമീറ്ററും മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. നീല, ബ്രൗൺ, ഓറഞ്ച്, സിൽവർ, വെള്ള, മാഗ്‌മഗ്രേ നിറങ്ങളിൽ പുതിയ വാഗൺആർ ലഭിക്കും. 4.19 ലക്ഷം രൂപ മുതലാണ് വില.