കാസർകോട്: കേരള കോൺഗ്രസ് -എം വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പിയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് തുടക്കമായി.
കർഷക രക്ഷ, മതേതര ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന യാത്ര കാസർകോട് മിലൻ ഗ്രൗണ്ടിൽ ജാഥാ ക്യാപ്റ്റന് പാർട്ടി പതാക കൈമാറി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. പാർട്ടി ചെയർമാൻ കെ.എം മാണി അദ്ധ്യക്ഷത വഹിച്ചു.
പൊതുസമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, എം.എൽ.എ മാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, എൻ.എ നെല്ലിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.ജാഥാക്യാപ്റ്റൻ ജോസ് കെ. മാണി മറുപടി പ്രസംഗം നടത്തി.
ഫെബ്രുവരി 15 ന് മഹാസമ്മേളനത്തോടെ തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് കണ്ണൂർ ജില്ലയിലാണ് പര്യടനം.