കൊച്ചി: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ഫോർ എക്‌സലൻസ് ഇൻ സോഷ്യൽ സർവീസസിൽ ഈവർഷത്തെ മികച്ച സാമൂഹിക സംഘടനയ്ക്കുള്ള പുരസ്‌കാരം പത്തനംതിട്ട കുന്നന്താനത്തെ പ്രോവിഡന്റ് ഹോമിന് ലഭിച്ചു. രണ്ടുലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം പ്രോവിഡന്റ് ഹോം പ്രസിഡന്റ് സിസ്‌റ്റർ മേരി ജിൻസി കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്രിലപ്പിള്ളിയിൽ നിന്ന് ഏറ്റുവാങ്ങി.
മികച്ച സാമൂഹിക പ്രവർത്തകനുള്ള ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം കൊട്ടാരക്കര ആശ്രയ ചാരിറ്റബിൾ സൊസൈറ്രി ഡയറക്‌ടർ കലയപുരം ജോസ് നേടി. മികച്ച പ്രവർത്തനത്തിനുള്ള വ്യക്തിഗത പുരസ്‌കാരങ്ങൾ തിരുവനന്തപുരം സ്വദേശികളായ കെ.എസ്. അജിത് കുമാർ, എൽ.ആർ. മധുജകുമാർ, ടിഫാനി മരിയ ബ്രാർ, ആലപ്പുഴ സ്വദേശി സേവ്യർ പോത്തംപള്ളി, ഇടുക്കി സ്വദേശി ഏലിയാമ്മ മാത്യു എന്നിവർ സ്വന്തമാക്കി.
സംഘടനാ വിഭാഗത്തിലെ അവാർഡുകൾക്ക് പാലാ മരിയസദനം ചാരിറ്റബിൾ ട്രസ്‌റ്ര്, പെരുമ്പാവൂർ സ്‌നേഹ ജ്യോതി ചാരിറ്റബിൾ ട്രസ്‌റ്ര്, മലപ്പുറം നവകേരള സാംസ്‌കാരികവേദി, മട്ടാഞ്ചേരി രക്ഷാ സൊസൈറ്രി എന്നിവർ അർഹരായി. തിരുവനന്തപുരം ലൂർദ്ദ് മാതാ കെയർഹോം, എറണാകുളം സ്വദേശി ലക്ഷ്‌മി മേനോൻ, കൊല്ലം സ്വദേശി യു.കെ. ശ്യാം എന്നിവർ പ്രത്യേക ജൂറി പുരസ്‌കാരം നേടി.
ചടങ്ങിൽ ഫൗണ്ടേഷൻ ഡയറക്‌ടർ ഷീല കൊച്ചൗസേപ്പ് പ്രകാശനം ചെയ്‌ത ന്യൂസ് ലെറ്റർ, അവാർഡ് നിർണയ കമ്മിറ്രി ചെയർമാൻ കെ. വിജയൻ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. ജോർജ് സ്ളീബ, ഡയറക്‌ടർ ജേക്കബ് കുരുവിള, മാനേജർ ബെന്റ്‌ലി താടിക്കാരൻ എന്നിവർ സംബന്ധിച്ചു.