പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കിയുള്ള കോൺഗ്രസ് അദ്ധ്യക്ഷന്റെ പുതിയ രാഷ്ട്രീയനീക്കം പൊതുതിരഞ്ഞെടുപ്പിന് കേവലം മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കോൺഗ്രസ് എടുത്ത ഒരു നല്ല തീരുമാനമായി കാണാം. യു.പി യിൽ കഴിഞ്ഞ തവണത്തെ 2 സീറ്റ് ഇത്തവണ കൂട്ടുകയായിരിക്കില്ല തീർച്ചയായും കോൺഗ്രസിന്റെ ഉദ്ദേശം. പകരം ബി.ജെ.പി യുടെ 71 സീറ്റ് എങ്ങനെ പരമാവധി കുറയ്ക്കാം എന്നതായിരിക്കും കോൺഗ്രസ്സിന്റെ ലക്ഷ്യമെന്ന് തീർച്ച. ബി.ജെ.പി വോട്ടുകൾ കഴിയുന്നത്ര വിഘടിപ്പിച്ച് ബി.ജെ.പി യുടെ സീറ്റിന്റെ എണ്ണം കുറയ്ക്കുക; ഒപ്പം ബി.എസ്.പി എസ്.പി സഖ്യത്തിന് കൂടുതൽ വിജയ സാധ്യത ഉറപ്പുവരുത്തുക എന്നതും ഒരു തന്ത്രമാവും. ബി.ജെ.പിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഭരണത്തിനായി ബി.എസ്.പി എസ്.പി സഖ്യവുമായി പിന്നീട് ധാരണയുമാകാമല്ലോ.... ഏതായാലും പ്രിയങ്കയുടെ പുതിയ ദൗത്യത്തിന് മായാവതി അഖിലേഷ് കൂട്ടുകെട്ടിന്റെ പൂർണ പിന്തുണ രഹസ്യമായിട്ടെങ്കിലും ഉണ്ടാവുമെന്നും കരുതാം.
അനിൽകുമാർ
തിരുവനന്തപുരം