മുംബയ്: സുഹൃത്തിനെ കൊന്ന് 200 കഷണങ്ങളാക്കി വെട്ടി നുറുക്കിയ ആൾ അറസ്റ്രിലായി. മിര റോഡിലെ പ്രിന്റിംഗ് പ്രസ് ഉടമ ഗണേഷ് കോൽഹാത്കറിനെയാണ് സുഹൃത്ത് പിന്റു കിസാൻ ശർമ്മ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഗണേഷിനെ തന്റെ വാടക ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം പിന്റു കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ക്ലോസറ്റിൽ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു. പിന്റുവിന്റെ കൈയിൽ നിന്ന് ഗണേഷ് നേരത്തേ ഒരുലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇതിൽ 40,000 രൂപ മാത്രമാണ് മടക്കി നൽകിയത്. ബാക്കി പണം ആവശ്യപ്പെട്ട് പിന്റു പലതവണ ഗണേഷിനെ സമീപിച്ചെങ്കിലും നൽകിയില്ല. ജനുവരി 15ന് ഇരുവരും പിന്റുവിന്റെ ഫ്ലാറ്റിൽ വച്ച് പണത്തെച്ചൊല്ലി തർക്കമുണ്ടായി. ഉന്തിനും തള്ളിനുമൊടുവിൽ ഗണേഷ് ചുമരിൽ തലയിടിച്ച് വീണ് തത്‌ക്ഷണം മരിച്ചു.
മരണം സ്ഥിരീകരിച്ചതോടെ പിന്റു മൃതദേഹം വെട്ടിനുറുക്കി ഫ്ലാറ്റിലെ ശൗചാലയത്തിലെ ക്ലോസറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ അവശിഷ്ടങ്ങൾ ഓടയിൽ കുടുങ്ങിക്കിടന്നതോടെ കൊലപാതകരഹസ്യം പുറത്തറിഞ്ഞു. കാണാതായ ഗണേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ പൊലീസ് സംഘം പിന്റുവിന്റെ ഫ്ലാറ്റിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.