കൊച്ചി: ശബരിമലയിലെത്തിയ കനകദുർഗയ്ക്കും ബിന്ദുവിനും അയ്യപ്പദർശനത്തിന് സൗകര്യമൊരുക്കിയത് സർക്കാരിന്റെ അറിവോടെയെന്ന് സത്യവാങ്മൂലം. കനകദുർഗയ്ക്കും ബിന്ദുവിനും പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പൊലീസുകാർ സുരക്ഷ നൽകി.
സിവിൽ വേഷത്തിൽ പൊലീസുകാർ ഇവർക്കൊപ്പം സന്നിധാനത്തെത്തി. പ്രതിഷേധക്കാർ തിരിച്ചറിയാതിരിക്കാനാണ് സിവിൽ വേഷത്തിൽ പൊലീസുകാർ പോയത്. ദർശനത്തിനെത്തിയ യുവതികളുടെ സുരക്ഷ കണക്കിലെടുത്താണ് സിവിൽ വേഷം ധരിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പത്തനംതിട്ട എസ്.പിയാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. വി.ഐ.പി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയത് പ്രതിഷേധക്കാരിൽ നിന്ന് ഒഴിവാക്കി നിർത്താനെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ഹൈക്കോടതി നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ല. പത്തനംതിട്ട എസ്.പി സന്നിധാനത്തെത്തി നിരീക്ഷക സമിതിയെ കാണാതിരുന്നത് തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാനുള്ള ചുമതല ഉണ്ടായതിനാലാണെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു