k-surendran

ശബരിമല സമരത്തിൽ നിന്ന് പിറകോട്ടില്ല

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥി ചിത്രം ഫെബ്രുവരി രണ്ടാം വാരത്തോടെ വ്യക്തമാകുമെന്നും ആരും പ്രതീക്ഷിക്കാത്ത ചിലർ ലിസ്റ്റിൽ ഉണ്ടാകുമെന്നും നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി 12 മുതൽ മാർച്ച് രണ്ടുവരെ ആദ്യഘട്ട ഗൃഹസമ്പർക്കം നടത്തും. എന്റെ കുടുംബം, ബി.ജെ.പി കുടുംബം എന്നതാണ് മുദ്രാവാക്യം. വീടുകളിൽ പാർട്ടി പതാക ഉയർത്തും. സ്റ്റിക്കറുകൾ പതിക്കും.
ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, രവിശങ്കർ പ്രസാദ് എന്നിവർ സംസ്ഥാനത്തെ പാർട്ടിയോഗങ്ങൾക്ക് എത്തും. ഇരുമുന്നണികളും ഒരുപോലെ ശത്രുക്കളാണ്. ഇടത് അതല്ലെങ്കിൽ വലത് എന്ന കലാപരിപാടി അവസാനിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന കള്ളസത്യവാങ്മൂലം നൽകിയ പിണറായി പുരുഷനെ സ്ത്രീയാക്കുന്ന ഇന്ദ്രജാലക്കാരനായെന്ന് കെ. സുരേന്ദ്രൻ പരിഹസിച്ചു. ശബരിമലയെ കളങ്കപ്പെടുത്താൻ ഭരണഘടനാ സ്ഥാപനങ്ങളെ കരുവാക്കുകയാണ്. കച്ചവടമാണ് നടത്തുന്നത്. എരുമേലിയിൽ വിമാനത്താവളം നോക്കിയാണ് പിണറായി കളിക്കുന്നത്. ഹിന്ദുമത സ്ഥാപനങ്ങൾ സി.പി.എമ്മിനു കൊട്ടാനുള്ള ചെണ്ടയല്ല. ആചാര്യന്മാർ എവിടെ പോകണമെന്നു പറയാൻ കോടിയേരിക്ക് എന്ത് അധികാരമാണുള്ളത്? സ്വാമി അഗ്നിവേശ്, സന്ദീപാനന്ദഗിരി എന്നിവരെ സി.പി.എം കൊണ്ടുനടക്കുന്നുണ്ട്. കള്ളനാണയങ്ങളെ കൂടെ കൂട്ടിയവർ ഹിന്ദു ആചാര്യന്മാരെ വിമർശിക്കുന്നു. ശബരിമല നടതുറക്കുന്ന ദിവസം ജില്ലാതലത്തിൽ സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധ പരിപാടി നടത്തും. ഫെബ്രുവരി അഞ്ചിനകം എല്ലാ ബൂത്തിലും തിരഞ്ഞെടുപ്പു കമ്മിറ്റികളുണ്ടാക്കും. എൻ.എസ്.എസ് ഉൾപ്പെടെ സമുദായ സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.