agri

മുംബയ്: കേന്ദ്ര സർക്കാർ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്ര് കർഷക പ്രിയമായിരിക്കുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംഗ്. മുംബയിൽ ക്രോപ് കെയർ ഫെഡറേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പുതിയ ചുവടായിരിക്കും ബഡ്‌ജറ്രെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ബഡ്‌ജറ്രിൽ പ്രഖ്യാപിച്ച 'പ്രധാനമന്ത്രി ആശ" പദ്ധതി പ്രകാരം കർഷകർക്കുള്ള മിനിമം സപ്പോർട്ട് പ്രൈസ് സർക്കാർ ഒന്നര മടങ്ങ് ഉയർത്തിയിരുന്നു. വിത്തിനങ്ങൾക്ക് പത്തു ശതമാനം വില കുറച്ചുൾപ്പെടെ കഴിഞ്ഞ നാലുവർഷത്തിനിടെ ഒട്ടേറെ കർഷകപ്രിയ നടപടികൾ മോദി സർക്കാർ എടുത്തിട്ടുണ്ട്. നാലുവർഷത്തിനിടെ കാർഷിക മേഖലയ്‌ക്കായി 2.12 ലക്ഷം കോടി രൂപയും വകയിരുത്തി. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി, കാർഷികോത്‌പന്നത്തിന്റെ മുഴുവൻ വിലയും കർഷകന് തന്നെ ലഭ്യമാക്കാനുള്ള നടപടികളും സർക്കാരെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വരുമാനം കൂട്ടാൻ പാക്കേജ്

ഉടൻ: സഹമന്ത്രി

ന്യൂഡൽഹി: കർഷകരുടെ വരുമാനം കൂട്ടാനുള്ള പ്രത്യേക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര കൃഷിസഹമന്ത്രി പർഷോത്തം രൂപാല പറഞ്ഞു. എന്നാൽ, ബഡ്‌ജറ്രിലായിരിക്കുമോ പ്രഖ്യാപനമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കാർഷിക വായ്‌പ കൃത്യമായി തിരിച്ചടയ്‌ക്കുന്നവരുടെ പലിശബാദ്ധ്യത സർക്കാർ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് 15,000 കോടി രൂപയുടെ ബാദ്ധ്യത സർക്കാരിനുണ്ടാക്കും.