ന്യൂഡൽഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലും ബീഹാറിലും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് എ.ബി.സി സീ വോട്ടേവ്സ് സർവേ ഫലം. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഗോവ, ബീഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സർവേ ഫലമാണ് പുറത്തുവന്നത്. എന്നാൽ ഗുജറാത്തിലും ബീഹാറിലും ഒഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്നാണ് സർവേഫലങ്ങൾ നൽകുന്ന സൂചന.
മഹാരാഷ്ട്രയിൽ കോൺഗ്രസിനാണ് സർവേ മുൻതൂക്കം നൽകുന്നത്. കോൺഗ്രസ് - എൻ.സി.പി സഖ്യം 28 സീറ്റ് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 20 സീറ്റിലേക്കൊതുങ്ങും. 2014ലെ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻ.ഡി.എ സഖ്യം 23 സീറ്റ് നേടിയിരുന്നു. എൻ.സി.പി - യു.പി.എ സഖ്യത്തിന് വെറും നാല് സീറ്റുമാത്രമേ നേടാനായിരുന്നുള്ളൂ.
ഗുജറാത്തിലും ബീഹാറിലുമാണ് എൻ.ഡി.എ നേട്ടമുണ്ടാക്കുന്നത്. ഗുജറാത്തിൽ ബി.ജെ.പി 24 സീറ്റ് നേടും. കോൺഗ്രസിന് രണ്ടുസീറ്റ് മാത്രമാണ് ലഭിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇവിടെ സീറ്റ് ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. 2014ൽ എൻ.ഡി.എ 26 സീറ്റും തൂത്തുവാരിയിരുന്നു.
ബീഹാറിൽ എൻ.ഡി.എയ്ക്ക് 35 സീറ്റ് ലഭിക്കുമ്പോൾ യു.പി.എയ്ക്ക് 5 സീറ്റ് മാത്രമായിരിക്കും ലഭിക്കുക. 2014ൽ 22 സീറ്റിൽ വിജയിച്ചിടത്താണ് ആകെയുള്ള സീറ്റിൽ 35ഉം എൻ.ഡി.എ സ്വന്തമാക്കുമെന്ന സർവേ ഫലം പുറത്തുവരുന്നത്. ആർ.ജെ.ഡി - യു.പി.എ സഖ്യം നാല് സീറ്റായിരുന്നു 2014ൽ നേടിയത്.
അതേസമയം ആകെ രണ്ട് സീറ്റുകളുള്ള ഗോവയിൽ ബി.ജെ.പിയും കോൺഗ്രസും ഓരോ സീറ്റ് നേടും എന്നും സീ വോട്ടേഴ്സിന്റെ സർവേ ഫലം വ്യക്തമാക്കുന്നു. 2014ൽ ഗോവയിൽ രണ്ട് സീറ്റും ബി.ജെ.പിയാണ് നേടിയത്.