അമേതി: സ്വന്തം പാർലമെന്റ് മണ്ഡലമായ അമേതിയിൽ രാഹുൽ ഗാന്ധിയെ സമ്മർദ്ദത്തിലാക്കി കർഷക പ്രക്ഷോഭം ശക്തമാകുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇറ്റലിയിലേക്കു മടങ്ങണമെന്നും അമേതിയിൽ തുടരാൻ അർഹതയില്ലെന്നും കർഷകർ ആരോപിക്കുന്നു.
രാജീവ് ഗാന്ധി ഫൗണ്ടേഷനു വേണ്ടി നൽകിയ ഭൂമി തിരിച്ചു നൽകണമെന്നും ഇല്ലെങ്കിൽ തങ്ങൾക്ക് ജോലി ഉറപ്പാക്കണമെന്നും അമേതിയിലെ ഗൗരീഗഞ്ജിൽ പ്രക്ഷോഭം നടത്തിയ കർഷകർ ആവശ്യപ്പെട്ടു. രാഹുൽ തങ്ങളുടെ ഭൂമി തട്ടിയെടുത്തെന്നും ഇവർ ആരോപിച്ചു. 1980ലാണ് ജയിൻ സഹോദരർ കസൂറിലെ വ്യാവസായിക മേഖലയിൽ 65.57 ഏക്കർ സ്ഥലം കർഷകരിൽ നിന്ന് ഏറ്റെടുത്തത്. അമേതി എം.പിയായിരിക്കെ രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത സമ്രാട്ട് സൈക്കിൾ ഫാക്ടറിക്കു മുന്നിലാണ് കർഷകർ പ്രതിഷേധിച്ചത്. സൈക്കിൾ കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാൻ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ഒന്നരലക്ഷം രൂപയ്ക്ക് ലേലം പിടിച്ചെങ്കിലും ലേലം റദ്ദാക്കിയ കോടതി ഭൂമി യു.പി വ്യവസായ വികസന കോർപറേഷനു തിരികെ നൽകാനും ഉത്തരവിട്ടു.
രേഖകളിൽ ഉടമസ്ഥാവകാശം കോർപ്പറേഷനാണെങ്കിലും ഭൂമി കൈയ്യാളുന്നത് രാജീവ് ഗാന്ധി ട്രസ്റ്റാണ്. ഇതിനെ തുടർന്നാണ് കർഷകർ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.