തൃശൂർ: കേരളത്തിൽ എൻ.ഡി.എയിലെ രണ്ടാമത്തെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാലു സീറ്റുകൾ നൽകിയാൽ മതിയെന്ന് ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ ധാരണയായി. സീറ്റുകൾ ഏതൊക്കെയെന്ന് അടുത്ത എൻ.ഡി.എ യോഗം തീരുമാനിക്കും.
എട്ട് സീറ്റാണ് ബി.ഡി.ജെ.എസ് ചോദിച്ചത്. ആറു സീറ്റുകൾ നൽകാമെന്ന ശ്രീധരൻ പിള്ളയുടെ നിലപാടിനെ പലരും എതിർത്തു. എട്ട് സീറ്റ് ചോദിച്ചതു തന്നെ അധികപ്രസംഗമാണെന്നും ബി.ജെ.പിക്ക് ജയസാദ്ധ്യതയുള്ള സീറ്റുകൾ നൽകാനാകില്ലെന്നും ചില നേതാക്കൾ നിലപാടെടുത്തു. ബി.ഡി.ജെ.എസിന് സീറ്റുകൾ അനുവദിച്ചശേഷമേ ബി.ജെ.പിയുടെ സീറ്റുകൾ തീരുമാനിക്കൂ. കൊല്ലം അടക്കമുള്ള സീറ്റുകളാണ് ബി.ഡി.ജെ.എസ് ചോദിച്ചതെന്നാണ് അറിയുന്നത്. ബി.ജെ.പിയുടെ തീരുമാനം അടുത്ത എൻ.ഡി.എ യോഗത്തിൽ ഘടകകക്ഷികളെ അറിയിക്കും.
ടി.പി. സെൻകുമാർ, സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ എന്നിവരെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്നു. എൻ.എസ്.എസിനു കൂടി സ്വീകാര്യരായ രണ്ടുപേർ രംഗത്തുണ്ടായേക്കും.
ലോക്‌സഭാ സ്ഥാനാർത്ഥി ചർച്ചയും ശബരിമല വിഷയവും രൂക്ഷമായ ചർച്ചയ്ക്ക് വഴിവച്ച യോഗത്തിൽ ബി.ഡി.ജെ.എസുമായുള്ള സഖ്യം സംബന്ധിച്ചും വിരുദ്ധ നിലപാടുകളുണ്ടായി.
ശബരിമല സമരം:
വിജയമെന്നും അനാവശ്യമെന്നും
സെക്രട്ടേറിയറ്റിനു മുന്നിലെ സമരം വേണ്ടത്ര വിജയിച്ചില്ലെന്ന് ആക്ഷേപം ഉയർന്നു. ശബരിമല സമരത്തെ ചൊല്ലി കൃഷ്ണദാസ്, മുരളീധര പക്ഷങ്ങൾ തമ്മിൽ യോഗത്തിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്നും പാർട്ടിയെ ഈ സമരം അപഹാസ്യപ്പെടുത്തിയെന്നും വി. മുരളീധരനെ അനുകൂലിക്കുന്നവർ പറഞ്ഞു. എന്നാൽ സമരം വൻവിജയമായിരുന്നുവെന്ന് പാർട്ടി അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും പി.കെ. കൃഷ്ണദാസ് പക്ഷവും അഭിപ്രായപ്പെട്ടു.
ഒരു വിഭാഗം നേതാക്കൾ സമരത്തോട് നിസഹകരിച്ചെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ ആരോപണം. ശ്രീധരൻ പിള്ളയുടെ നിലപാടുകളെ വി. മുരളീധരൻ പക്ഷം ശക്തമായി വിമർശിച്ചു.
നേതാക്കളായ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ ഡി.എൽ. സന്തോഷ്, എച്ച്. രാജ, എൽ. ഗണേശ്, കെ. സുഭാഷ്, എന്നിവർ പങ്കെടുത്തു. ആന്ധ്രയിൽ ആയതിനാൽ വി. മുരളീധരൻ എം.പി പങ്കെടുത്തില്ല.