ന്യൂയോർക്ക്: സിനിമയുടെ പരമ്പരാഗത ചട്ടക്കൂടുകൾ പൊളിച്ചെഴുതിയ 'അവാന്റ് ഗാർദ്" ചിത്രങ്ങളുടെ തുടക്കക്കാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ചലച്ചിത്രകാരൻ ജൊനാസ് മെകാസ്. 96-ാം വയസിൽ ന്യൂയോർക്കിലായിരുന്നു അന്ത്യം. ലിത്വാനിയയിൽ ജനിച്ച ജൊനാസ് നാസി ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് ന്യൂയോർക്കിൽ അഭയം തേടി. സിനിമാ സ്വപ്നങ്ങൾക്ക് ചിറകുമുളച്ച ന്യൂയോർക്ക് നഗരത്തിൽ അലൻ ഗിൻസ്ബർഗ്, ആന്റി വാർഹോൾ, ജോൺ ലെനൻ, യൊകോ ഒനോ, സാൽവദോർ ദാലി തുടങ്ങിയ കലാകാരൻമാരുടെ വീഡിയോ പോർട്രെയ്റ്റുകൾ സൃഷ്ടിച്ച് പ്രശസ്തനായി. പരീക്ഷണ ചിത്രങ്ങളിലൂടെ മനുഷ്യ കാമനകളുടെ പുതിയ തീരങ്ങൾ അദ്ദേഹം തന്റെ സിനിമയിലൂടെ കാട്ടിത്തന്നു.
1962ൽ പുറത്തിറങ്ങിയ 'ഗൺസ് ഒഫ് ദ ട്രീസ്" ആയിരുന്നു ആദ്യ ചിത്രം. ദ ബ്രിഗ്, എംപയർ, ദ ഇറ്റാലിയൻ നോട്ട്ബുക്ക്, സ്ലീപ്‌ലെസ് നൈറ്റ് സ്റ്റോറീസ്, ലോസ്റ്റ് ലോസ്റ്ര് ലോസ്റ്റ് തുടങ്ങി അറുപതോളം ചിത്രങ്ങളാണ് ജൊനാസ് മെകാസ് ലോകസിനിമയ്ക്ക് സമ്മാനിച്ചത്.
1954ൽ സഹോദരനൊപ്പം ചേർന്ന് 'ഫിലിം കൾച്ചർ" എന്ന മാഗസിനും അദ്ദേഹം പുറത്തിറക്കിയിരുന്നു. 1996 വരെ സിനിമാ വിദ്യാർത്ഥികൾ തിരഞ്ഞുപിടിച്ച് വായിച്ച പ്രസിദ്ധീകരണമായിരുന്നു ഫിലിം കൾച്ചർ. സിനിമാ നിരൂപകനും കവിയുമായിരുന്ന ജൊനാസ് ഇരുപതോളം കവിതാ പുസ്തകങ്ങളും ജൊനാസ് മെകാസ് പുറത്തിറക്കി. ചലച്ചിത്രങ്ങളുടെ സംരക്ഷണത്തിനായി ജൊനാസിന്റെ നേതൃത്വത്തിലാണ് ന്യൂയോർക്കിൽ 'ആന്തോളജി ഫിലിം ആർക്കൈവ്സ്" എന്ന സന്നദ്ധ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.