കൊച്ചി: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന സി.പി.എം നേതാവ് പി. കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹെെക്കോടതി. ടി.പി വധക്കേസിൽ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് സർക്കാർ തുടർച്ചയായി പരോൾ നൽകിയത് വാർത്തയായിരുന്നു. അസുഖമാണെന്ന് കാണിച്ചാണ് പരോൾ നൽകിയത്.
കുഞ്ഞനന്തന് അസുഖമുണ്ടെങ്കിൽ തുടർച്ചയായി പരോൾ നൽകുകയല്ല വേണ്ടത് മറിച്ച് ചികിത്സ നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നുെ കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. ചികിത്സയുടെ പേരിൽ പരോളിലിറങ്ങുന്ന കുഞ്ഞനന്തൻ പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കുകയാണെന്ന് പറഞ്ഞാണ് രമ കോടതിയെ സമീപിച്ചത്.
തടവുകാരന്റെ ചികിത്സയുടെ മുഴുവൻ ഉത്തരവാദിത്വവും സർക്കാറിനാണ്. അതുതകൊണ്ട് തന്നെ പരോൾ നൽകുന്നതിന് പകരം ചികിത്സിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. ടി.പി വധക്കേസിൽ മൂന്നാം പ്രതിയാണ് സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.കുഞ്ഞനന്തൻ. 2014 ജനുവരിയിൽ ജയിലിലായ കുഞ്ഞനന്തന് 389 ദിവസം പരോൾ ലഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ സാധാരണ തടവുകാർക്ക് ലഭിക്കുന്ന പരോളിന് പുറമെ ജയിൽ സൂപ്രണ്ടിന് പത്തും ഡി.ജി.പിക്ക് പതിനഞ്ചും സർക്കാരിന് 45 ദിവസവും അധികമായി പരോൾ അനുവദിക്കാമെന്നും അത് മാത്രമേ കുഞ്ഞനന്തനും നൽകിയിട്ടുള്ളൂവെന്നും ജയിൽ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.