ന്യൂഡൽഹി: ഭീകര സംഘടനയിൽ നിന്ന് രാജ്യസേവനത്തിലെത്തി ഒടുവിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന് അശോക ചക്രം നൽകി ആദരിക്കും. ലാൻസ് നായിക് നസീർ വാനിയ്ക്കാണ് റിപ്പബ്ലിക് ദിനത്തിൽ പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര നൽകി ആദരിക്കുക. കഴിഞ്ഞവർഷം നവംബറിൽ ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിലാണ് നസീർ വാനി വീരമൃത്യുവരിച്ചത്. സൈന്യത്തിൽ ചേരുന്നതിന് മുമ്പ് ഇഖ്വാൻ എന്ന ഭീകരസംഘടനയിൽ അംഗമായിരുന്നു. ഇഖ്വാനുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് വാനി 2004 ലാണ് സൈന്യത്തിന്റെ ഭാഗമായത്.
ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് കയറിയ വാനി ലഷ്‌കർ ഭീകരനെയും മറ്റൊരു വിദേശ ഭീകരനെയും വധിച്ചു. ഇതിനിടെ വാനിക്കും വെടിയേറ്റു. തുടർന്ന് മൂന്നാമത്തെ ഭീകരനെയും വകവരുത്തി. വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
2007ലും 2018ലും വിശിഷ്ട സേവനത്തിനുള്ള സേനാമെഡൽ കരസ്ഥമാക്കിയിരുന്നു. കുൽഗാം സ്വദേശിയായ ഇദ്ദേഹത്തിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.