pinarayi-vijayan-

തിരുവനന്തപുരം: ഏറ്റവും മികച്ച തീർത്ഥാടന കാലമായിരുന്നു ഇത്തവണ ശബരിമലയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുപ്പതി വിമാനത്താവള മോഡലിൽ ശബരിമലയിൽ വിമാനത്താവളം നിർമ്മിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നതായും പിണറായി വ്യക്തമാക്കി. കരമന കളിയിക്കാവിള റോഡ് വികസനത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിൽ ഏറ്റവും നല്ല സൗകര്യമാണ് ഇത്തവണ ഉണ്ടായിരുന്നത്. ശബരിമലയെ ഏറ്റവും വലിയ കേന്ദ്രമാക്കി ഉയർത്തണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പിണറായി പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ദേശീയ പാതയുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഏറെക്കുറേ പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവളം മുതൽ കാസർഗോഡ് വരെയുള്ള ജലപാത 2020ൽ യാഥാർത്ഥ്യമാക്കും. 600 കിലോമീറ്റർ നീളുന്ന ജലപാത ടൂറിസം രംഗത്തിന് വലിയ കുതിപ്പേകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു

തിരുവനന്തപുരം വിമാനത്താവളം ലേലത്തിലൂടെ സർക്കാർ തന്നെ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.