ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് മുൻതൂക്കം ലഭിക്കുമെന്ന് എ.ബി.പി.സീ വോട്ടേഴ്സ് സർവെ ഫലം. എന്നാൽ കേവല ഭൂരിപക്ഷം ഇരു സഖ്യത്തിനും ലഭിക്കില്ലെന്നും സർവേയിൽ വ്യക്തമാക്കുന്നു. എൻ.ഡി.എക്ക് 237 സീറ്റുകളാണ് ലഭിക്കുക. യു.പി.എയ്ക്ക് 166, മറ്റുള്ളവർക്ക് 143 സീറ്റ് ലഭിക്കുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സർവെ ഫലം വ്യക്തമാക്കുന്നു. യു.പിയിൽ എസ്.പി- ബി.എസ്.പി സഖ്യം 51 സീറ്റുകൾ ലഭിച്ച് ആധികാരത്തിലേറുമെന്നും ഫലം വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് 25 സീറ്റ് ലഭിക്കുമ്പോൾ കോൺഗ്രസ് 4 സീറ്റിൽ ഒതുങ്ങുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എൻ.ഡി.എ 14 സീറ്റും യു.പി.എ 12 സീറ്റും നേടുമെന്ന് പ്രവചനം.
മഹാരാഷ്ട്രയിൽ കോൺഗ്രസ് - എൻ.സി.പി സഖ്യം 28 സീറ്റ് നേടും. ബി.ജെ.പി 20 സീറ്റിലൊതുങ്ങുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു. എന്നാൽ ബീഹാറിലും ഗുജറാത്തിലും എൻ.ഡി.എ സഖ്യം വിജയിക്കും. ഗുജറാത്തിൽ ബി.ജെ.പിക്ക് 24സീറ്റ് ലഭിക്കുമ്പോൾ കോൺഗ്രസിന് 2 സീറ്റ് ലഭിക്കും. ബിഹാറിൽ എൻ.ഡി.എയ്ക്ക് 35 സീറ്റ് ലഭിക്കുമെന്നും യു.പി.എയ്ക്ക് ലഭിക്കുക 5 സീറ്റ് മാത്രമായിരിക്കുമെന്നുമാണ് പ്രവചനം.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 34 സീറ്റും ബി ജെ പിക്ക് 7 സീറ്റും ലഭിക്കും. സി.പി.എമ്മിന് സീറ്റ് ലഭിക്കുന്നില്ല. കേരളത്തിൽ യു.ഡി.എഫ് മുന്നേറുമെന്നും സീ വോട്ടേഴ്സ് സർവെ. 16 സീറ്റ് യു.ഡി.എഫിന് ലഭിക്കുക. എൽ.ഡി.എഫിന് 4 സീറ്റ് മാത്രമാണ് ലഭിക്കുകയെന്നും സർവെ വ്യക്തമാക്കുന്നു.
ഒഡിഷയിൽ ബി.ജെ.പിക്ക് 12 സീറ്റും ബിജു ജനതാദളിന് 9 സീറ്റും ലഭിക്കും.രാജസ്ഥാനില്‍ ബി.ജെ.പി 18,കോൺഗ്രസ് 7. പഞ്ചാബിൽ കോൺഗ്രസ് 12, ബി.ജെ.പി ഒരു സീറ്റും നേടുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു.