ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് വൻ വിജയം പ്രവചിച്ച് എ.ബി.പി- സീ ന്യൂസ് സർവേ ഫലം. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ 16ലും യു.ഡി.എഫ് ജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. ശേഷിക്കുന്നമ നാലു സീറ്റുകൾ മാത്രമാകും എൽ.ഡി.എഫിന് ലഭിക്കുക. ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും സർവേ പ്രവചിക്കുന്നു. 40.1 ശതമാനം വോട്ടുകൾ യു.ഡി.എഫിനും 29.3 ശതമാനം വോട്ടുകൾ എൽ.ഡി.എഫിനും ലഭിക്കും. 19.7 ശതമാനം വോട്ട് നേടിയാലും എൻ.ഡി.എക്ക് ഒരു സീറ്റിലും വിജയിക്കാനാവില്ല.
നിലവിൽ 12 സീറ്റുകൾ യു.ഡി.എഫിനും എട്ട് സീറ്റുകൾ എൽ.ഡി.എഫിനുമാണുള്ളത്. എൽ.ഡി.എഫിന്റെ എട്ട് സീറ്റിൽ പകുതിയും യു.ഡി.എഫ് പിടിച്ചെടുക്കും എന്നാണ് പ്രവചനം.
അതേസമയം ശബരിമല വിഷയം മുൻനിറുത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും ഇക്കുറിയും അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്ന് സർവേ പറയുന്നു. തമിഴ്നാട്ടിൽ ആകെയുള്ള 39 സീറ്റുകളും ഡി.എം.കെ- കോൺഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സർവേ പ്രവചനം.