australian-open

മെൽബൺ: സാക്ഷാൽ റോജർ ഫെഡററെ അട്ടിമറിച്ച് ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പണിൽ വിസ്മയക്കുതിപ്പ് നടത്തിയ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിന് ഒടുവിൽ സെമിയിൽ സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ ഫുൾസ്റ്റോപ്പിട്ടു. ഇന്നലെ നടന്ന സെമിയിൽ നേരിട്ടുള്ള സെറ്റുകളിൽ സിറ്റ്സിപാസിനെ വീഴ്ത്തിയാണ് നദാൽ ഫൈനലിന് യോഗ്യത നേടിയത്. ഒരു മണിക്കൂർ 46 മിനിറ്റ് കൊണ്ട് 6-2, 6-4, 6-0ത്തിനാണ് നദാൽ സിറ്റ്സിപാസിന് മടക്കടിക്കറ്റ് നൽകിയത്. അഞ്ചാം തവണയാണ് നദാൽ ആസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ എത്തുന്നത്.

വനിതാ സിംഗിൾസിൽ കരോളിന പ്ലിസ്കോവയെ കീഴടക്കി യു.എസ്.ഓപ്പൺ ചാമ്പ്യൻ നൊസോമി ഒസാക്കയും ഡാനിയെല്ലെ കോളിൻസിനെ കീഴടക്കി പെട്രാ ക്വിറ്റോവയും ഫൈനലുറപ്പിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-2, 4-6, 6-4നാണ് ഒസാക്ക പ്ലിസ്കോവയെ കീഴടക്കിയത്. 7-6, 6-0ത്തിനാണ് ക്വിറ്റോവ ഡാനിയല്ലെയെ വീഴ്ത്തിയത്.