ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം സോഷ്യൽ മീഡിയയിലും വൻവാർത്താ പ്രാധാന്യം നേടി. ഗൂഗിളിൽ പ്രിയങ്ക ഗാന്ധിയുടെ വാർത്തകൾക്കായി തിരയുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് രണ്ടുദിവസമായി കാണുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം പ്രിയങ്ക തരംഗമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ഒറ്റരാത്രി കൊണ്ട് പതിനായിരത്തോളം പേരാണ് പ്രിയങ്കയെ ഇൻസ്റ്റാഗ്രാമിൽ പുതുതായി ഫോളോ ചെയ്യാൻ എത്തിയത്. ഗൂഗിളിൽ പ്രിയങ്കയുടെ വേഷവിധാനത്തെക്കുറിച്ചും പ്രിയങ്കയുടെ വിശേഷങ്ങൾക്കായും ഒരുപാട് പേർ പരതി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, ഇന്ത്യൻ ഉരുക്കുവനിതയുടെ പകർപ്പ്, രണ്ടാം ഇന്ദിര എന്നിങ്ങനെ വിശേഷിപ്പിക്കുന്നവരും ഉണ്ട്.
പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെയാണ് പ്രിയങ്കാഗാന്ധിയെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തിറക്കിയത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് പ്രിയങ്കയെ നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വാധീനകേന്ദ്രമായ ഗോരഖ്പുരും ഉൾപ്പെടുന്ന മേഖലയാണിത്.