cbi-director

ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മുഖ്യപ്രതിപക്ഷ പാർട്ടിയുടെ നേതാവായ മല്ലികാർജുൻ ഖാർഗെ എന്നിവരടങ്ങിയ സമിതിയാണ് സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻയോഗം ചേര്‍ന്നത്. പ്രധാനമന്ത്രിയാണ് സമിതിയുടെ അദ്ധ്യക്ഷൻ.

പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. ഇന്ന് തീരുമാനമായില്ലെന്നും അടുത്തയോഗം അടുത്തയാഴ്ച ഏതുസമയത്തും ചേർന്നേക്കാമെന്നും മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. എന്നാൽ വെള്ളിയാഴ്ച യോഗം ചേരാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

1982-85 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സി.ബി.ഐയുടെ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് നിഗമനം. 1983 ബാച്ച് ഐ.പി.എസ് ഓഫീസറും ഗുജറാത്ത് ഡി.ജി.പിയുമായ ശിവാനന്ദ് ഷാ, ബി.എസ്.എഫ് ഡയറക്ടർ ജനറൽ രജിനികാന്ത് മിശ്ര, സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ രാജഷ് രഞ്ജൻ, തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.