1

ലഖ്‌നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിന് പിന്നാലെ മോദിയുടെ മണ്ഡലമായ വാരാണാസിയിൽ പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യമുയരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

'പ്രിയങ്ക ‌ഗാന്ധി ‌‌ഞങ്ങളുടെ അടുത്ത പ്രധാനമന്ത്രിയായി വരണം' എന്നെഴുതിയ നിരവധി പോസ്റ്ററുകളാണ് വാരാണാസിയിൽ പ്രത്യക്ഷപ്പെട്ടത്. മോദിജിയെ അധികാരത്തിൽ നിന്നും താഴെയിറക്കി ഗുജറാത്തിലേക്ക് മടക്കി അയക്കുവാൻ പ്രിയങ്കയെ കൊണ്ട് സാധിക്കും. അതുകൊണ്ട് പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് വരണമെന്നത് ദീർഘനാളായി പ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യമാണ്. കാശിയിൽ നിന്ന് പ്രിയങ്ക മത്സരിക്കണമെന്നാണ് പ്രവർത്തക‌ർ ആഗ്രഹിക്കുന്നത്. മത്സരിച്ചാൽ വലിയ ഭൂരുപക്ഷത്തിൽ വിജയിക്കുമെന്നും പ്രവർത്തകർ പറയുന്നു.

തിരഞ്ഞെടുപ്പിൽ യു.പിയുടെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദിനെ ഹരിയാനയിലേക്ക് മാറ്റിയാണ് പ്രിയങ്കയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും നിയോഗിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ വരവ് ആകാംഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. മുൻ പ്രധാനമന്ത്രിയും മുത്തശ്ശിയുമായി ഇന്ദിര ഗാന്ധിയോട് താരതമ്യം ചെയ്തു കൊണ്ടാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ ചിലർ വിലയിരുത്തുന്നത്. എന്നാൽ പ്രിയങ്ക ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നകാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.