കൊച്ചി: ശബരിമലയിൽ സുപ്രിം കോടതി വിധിയനുസരിച്ചുള്ള യുവതി പ്രവേശനത്തിന് സൗകര്യമൊരുക്കാൻ ഒരു വർഷത്തെ സാവകാശം വേണമെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ ഒരുക്കേണ്ടതിനെത്തുടർന്നാണിതെന്ന് സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കനകദുർഗയും ബിന്ദുവും സന്നിധാനത്തെത്തിയത് സർക്കാർ അറിവോടെയാണെന്ന പൊലീസ് റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
മണ്ഡല മകര വിളക്ക് സീസണു ശേഷം നിരീക്ഷക സമിതി ഹൈക്കോതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് യുവതി പ്രവേശനം നിലവിലുള്ള സാഹചര്യത്തിൽ പ്രയാസകരമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. യുവതികൾക്ക് വേണ്ടി സൗകര്യങ്ങൾ ഒരുക്കണം. ശൗചാലയങ്ങൾ അടക്കമുള്ളവ തയ്യാറാക്കണം. കാനന പാതയിൽ പൊലീസ് സുരക്ഷ ശക്തമാക്കണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ എത്ര വനിത ഭക്തർ എത്തുമെന്ന് വ്യക്തമല്ല. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ വേണം സൗകര്യങ്ങൾ ഒരുക്കാനെന്ന് റിപ്പോർട്ടിലുണ്ട്.
യുവതി പ്രവേശവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങൾ ദേവസ്വം ബോർഡിൻറെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കി. ഇതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തടസമാകും.ശബരിമല കേസുകൾ തിങ്കളാഴ്ച കോടതി പരിഗണിക്കും