dth-

കേബിൾ,​ ഡി.ടി.എച്ച് രംഗത്ത് ട്രായ് പുതിയ കൊണ്ടുവന്ന പരിഷ്കാരങ്ങൾ പെബ്രുവരി ഒന്നുമുതൽ നടപ്പിലാകും. പുതിയ ചാനൽ നിരക്കുകളെക്കുറിച്ച് ഉപയോക്താക്കൾ ആശയക്കുഴപ്പത്തിലാണ്. കേബിളിനും ഡി.ടി.എച്ചിനും ഇനി എത്ര രൂപയാകും നൽകേണ്ടിവരിക,​ ഏതൊക്കെ ചാനലാണ് സൗജന്യം,​ ഏതൊക്കെയാണ് പേ ചാനൽ തുടങ്ങിയ സംശയങ്ങളാണ് ഉപഭോക്താക്കളുടെ മനസിൽ.

ഇത്തരം സംശയങ്ങൾക്ക് പരിഹാരമായി പ്രതിമാസം ചെലവിടേണ്ട തുക ഉപയോക്താക്കൾക്കു തന്നെ മനസ്സിലാക്കാൻ കഴിയുന്ന വെബ് ആപ്ലിക്കേഷനുമായി രംഗത്തെത്തിിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ചാനൽ സെലക്ടർ ആപ്ലിക്കേഷൻ എന്ന പുതിയ സംവിധാനത്തിലൂടെ തനിക്കു ഇഷ്ടമുള്ള ചാനലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പ്രതിമാസം എത്ര തുക വിനിയോഗിക്കേണ്ടിവരുമെന്നു മനസിലാക്കാം.

ട്രായിയുടെ ചാനൽ സെലക്ടർ ഉപയോഗിച്ച് പേ ചാനലുകളും സൗജന്യ ചാനലുകളും ചാനൽ ബൊക്കേകളും ഏതെല്ലാം എന്ന് മനസിലാക്കാനും ആവശ്യമുള്ളവ തിരഞ്ഞെടുത്ത് അവയുടെ മാസവരിസംഖ്യ പരിശോധിക്കുകയും ചെയ്യാം.

ആവശ്യമുള്ള ചാനലുകൾ കണ്ടെത്തിയ ശേഷം നിങ്ങളുടെ ഡി.ടി.എച്ച്, കേബിൾ സേവനദാതാവിന്റെ വെബ്‌സൈറ്റ് വഴിയോ നേരിട്ടോ ഏതെല്ലാം ചാനലുകളാണ് വേണ്ടതെന്ന് അവരെ അറിയിക്കാം.

ട്രായിയുടെ https://channel.trai.gov.in എന്ന വെബ്‌സൈറ്റ് ലിങ്കിൽ നിന്ന് ചാനൽ സെലക്ടർ ആപ്ലിക്കേഷനിലെത്താം. Get started എന്ന് നൽകിയാല്‍ നിങ്ങളുടെ പേര്, സംസ്ഥാനം, ഭാഷകൾ,​ ഏത് തരം ചാനലുകൾ വേണം എന്നീ വിവരങ്ങൾ ചോദിക്കും. ശേഷം ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചാനൽ ലിസ്റ്റ് കാണാം.

130 രൂപയുടെ അടിസ്ഥാന പാക്കേജിൽ 100 എസ്.ഡി (സ്റ്റാന്റേർഡ് ഡെഫനീഷൻ) ചാനലുകൾ തിരഞ്ഞെടുക്കാം. ഇതിൽ 25 എണ്ണം സർക്കാരിന്റെ നിർബന്ധിത ചാനലുകളാണ്. ബാക്കിയുള്ള 75 സൗജന്യ ചാനലുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പുതിയ രീതി അനുസരിച്ച് ഒരു എച്ച്.ഡി ചാനൽ രണ്ട് എസ്.ഡി ചാനലിന് തുല്യമാണ്. അതായത് 100 എസ്.ഡി ചാനലുകള്‍ക്ക് തുല്യമാണ് 50 എച്ച്.ഡി ചാനലുകൾ. നൂറ് ചാനലുകളിൽ കൂടുതൽ സൗജന്യ ചാനൽ തിരഞ്ഞെടുത്താൽ അധികം വരുന്ന 25 ചാനലുകൾക്ക് 25 രൂപ നിരക്കിൽ ഈടാക്കും.

ശേഷം പേ ചാനലുകൾ ഒരോന്നായി തിരഞ്ഞെടുക്കാം. വെബ്‌സൈറ്റിന്റെ ടോപ്പ് ബാറിൽ ചാനലിന്റെ തുക രേഖപ്പെടുത്തിയിട്ടുണ്ടാവും.

ആവശ്യമായ ചാനലുകൾ തിരഞ്ഞെടുത്തുകഴിഞ്ഞാൽ ആ ചാനലുകളുടെ പട്ടികയും നിരക്കും പ്രിന്റ് ചെയ്‌തെടുക്കാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യവും ആപ്ലിക്കേഷനിൽ നൽകിയിട്ടുണ്ട്.

എച്ച്ഡി അല്ലെങ്കിൽ എസ്ഡി, തരം, ബ്രോഡ്കാസ്റ്റര്‍, ഭാഷ എന്നീ ഫിൽട്ടറുകളോടു കൂടിയാണ് ആപ് വന്നരിക്കുന്നത്. ഒരു ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ചാനലുകൾക്കനുസരിച്ചു ട്രായ് അംഗീകരിച്ച നിരക്കുകൾ പ്രകാരം മാസത്തിൽ എത്ര രൂപ നൽകേണ്ടി വരുമെന്നു ആപ്ലിക്കേഷനിലൂടെ അറിയാനാകും.

തങ്ങളുടെ ബജറ്റിനു വഴങ്ങുന്ന മികച്ച ചാനലുകൾ ഏതെന്നു കണ്ടെത്താൻ ഉപയോക്താക്കൾക്കു കഴിയുമെന്നതാണ് ഈ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ സവിശേഷത.

ചാനലുകൾ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പേജിന്റെ മുകൾ വശത്തായി ഇടതുവശത്തുള്ള വ്യൂ സെലക്ഷൻ എന്ന ബട്ടണിൽ അമർത്തിയാൽ‌ തിരഞ്ഞെടുത്ത പേ ചാനലുകൾ, ഫ്രീ ടു എയർ ചാനലുകൾ, പേ ചാനലുകൾക്കു ആകെ നൽകേണ്ടി വരുന്ന തുക, ജിഎസ്ടി, ഡി.ടി.എച്ച് സേവനദാതാവിനു നൽകേണ്ട നെറ്റ്‍വർക്ക് കപ്പാസിറ്റി ഫീസ് (എൻഎഫ്സി) തുടങ്ങിയ സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭിക്കും.

dth-

ആപ്ലിക്കേഷനിൽ കയറിയ ശേഷം ഏറ്റവും അവസാനമുള്ള ഗെറ്റ് സ്റ്റാർട്ടഡ് ബട്ടണിൽ ക്ലിക് ചെയ്യുക. പ്രാഥമിക ചോദ്യാവലിയിലേക്കു പ്രവേശിക്കാനാകും. ഇവയ്ക്കു മറുപടി നൽകണമെന്നു നിർബന്ധമില്ല. ഇല്ലാതെയും ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും.