കോഴിക്കോട്: കാസർകോട് വച്ച് നടന്ന പ്രസംഗ വേദിയിൽ സ്ത്രീകളെ അധിക്ഷേപിച്ചുള്ള പരാമർശത്തിൽ കെ. സുധാകരൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പിണറായി വിജയൻ പെണ്ണുങ്ങളേക്കാൾ മോശമാണെന്നാണ് സുധാകരൻ പറഞ്ഞത്. പരാമർശം വിവാദമായതോടെ അങ്ങിനെയല്ല പറഞ്ഞതെന്നും താൻ ഉദ്ദേശിച്ചത് പെണ്ണുങ്ങളെയല്ല, ആക്ടിവിസ്റ്റുകളായ പെണ്ണുങ്ങളെയാണെന്നുമാണ് സുധാകരൻ പീന്നീട് വ്യക്തമാക്കിയത്.
സുധാരന്റെ പ്രസ്താവനയെ പരിഹസിച്ച് എഴുത്തുകാരി കെ.ആർ മീര രംഗത്തെത്തി. 'എം.എം.മണി, പി.സി. ജോർജ് തുടങ്ങിയവരേക്കാൾ ആണത്തം കൂടുതലാണ് കെ.സുധാകരന്. അതുകൊണ്ട് അദ്ദേഹം ഇന്ന് തന്റെ നിലപാടു തിരുത്തി. പെണ്ണുങ്ങളേക്കാള്‍ മോശം എന്ന പ്രയോഗത്തിലൂടെ താൻ ഉദ്ദേശിച്ചത് പെണ്ണുങ്ങളെയല്ല, ആക്ടിവിസ്റ്റുകളായ പെണ്ണുങ്ങളെയാണ് എന്നു വ്യക്തമാക്കിയിട്ടുണ്ട്. അതായത്, കെ. സുധാകരൻ ഉദ്ദേശിച്ചത് അരുണ റോയി, മേധ പട്കർ, മഹാശ്വേതാദേവി, വന്ദന ശിവ, സി.കെ. ജാനു, ടീസ്റ്റ സെതൽവാദ് തുടങ്ങിയവരെയാണ്. അല്ലാതെ പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയെ അല്ല. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി മുതൽപേരെ അല്ലേയല്ല'. കെ.ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.
സുധാകരന്റെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന് വിചാരിച്ചുവെന്നും എന്നാൽ, പെണ്ണുങ്ങളെക്കാൾ മോശമായാണ് പ്രവർത്തനമെന്നുമാണ് സുധാകരൻ പറഞ്ഞത്.