ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്‌ക്ക് വൻ തിരിച്ചടിയുണ്ടാകുമെന്നും ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുസഭയ്ക്കാണ് സാദ്ധ്യതയെന്നും ഇന്ത്യ ടുഡേ - കാർവി സർവേ പ്രവചിക്കുന്നു.
കേരളത്തിൽ യു.ഡി.എഫ് 16ഉം എൽ.ഡി.എഫ് നാലും സീറ്റ് നേടുമെന്നാണ് റിപ്പബ്ലിക് ടിവി സീ - വോട്ടർ പ്രവചനം. ബി.ജെ.പിക്ക് ഒറ്റ സീറ്റും ലഭിക്കില്ലെന്നും സർവേ പറയുന്നു.
ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സർക്കാർ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകൾ എൻ.ഡി.എയ്‌ക്കു ലഭിക്കില്ല. 237 സീറ്റുകളാകും കിട്ടുക. യു.പി.എ 160 സീറ്റ് നേടുമെന്നും സീ വോട്ടർ പറയുന്നു.
എൻ.ഡി.എയ്‌ക്ക് 233 സീറ്റാണ് എ.ബി.പി ന്യൂസ് സീവോട്ടർ പ്രവചിക്കുന്നത്. ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് എ.ബി.പി ന്യൂസ് സീവോട്ടർ സർവേ പറയുന്നത്. ബി.എസ്.പി - എസ്.പി സഖ്യം 80 സീറ്റിൽ 51 ഉം നേടും. എൻ.ഡി.എയ്‌ക്ക് 25 സീറ്റ് വരെ കിട്ടും. ബിഹാറിൽ ബി.ജെ.പി - ജെ.ഡി.യു സഖ്യം 40ൽ 35 സീറ്റ് സ്വന്തമാക്കും. കോൺഗ്രസ് - ആർ.ജെ.ഡി സഖ്യം അഞ്ച് സീറ്റിലൊതുങ്ങും.
പശ്ചിമ ബംഗാളിലും ഇടതുപക്ഷം തകർന്നടിയുമെന്ന് എ.ബി.പി.സി സർവേ പറയുന്നു. ആകെയുള്ള 42 സീറ്റിൽ 34 ഉം തൃണമൂൽ നേടുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് ഏഴ് സീറ്റുകളിൽ കൂടുതൽ നേടാനാവില്ല. കോൺഗ്രസ് ഒരു സീറ്റിലേക്കൊതുങ്ങും.
മഹാരാഷ്ട്രയിൽ 48ൽ 28 സീറ്റും യു.പി.എ നേടും. എൻ.ഡി.എ 20 സീറ്റുകളിലൊതുങ്ങും. പഞ്ചാബിൽ ആകെയുള്ള 13 സീറ്റിൽ 12ഉം കോൺഗ്രസിനാണ് സാദ്ധ്യത. ഒരു സീറ്റ് മാത്രമെ എൻ.ഡി.എക്ക് ലഭിക്കൂ. ഗുജറാത്തിൽ 26ൽ 24 സീറ്റും ബി.ജെ.പിക്ക് ലഭിക്കും. രണ്ട് സീറ്റേ കോൺഗ്രസിന് ലഭിക്കൂ. ഗോവയിൽ ആകെയുള്ള രണ്ട് സീറ്റുകളിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഓരോന്ന് വീതം ലഭിക്കും.
ഒഡീഷയിൽ 21ൽ ബി.ജെ.പിക്ക് 12 സീറ്റുകൾ വരെ ലഭിച്ചേക്കും. ഭരണകക്ഷിയായ ബി.ജെ.ഡിക്ക് ഒമ്പത് സീറ്റേ ലഭിക്കുകയുള്ളൂ.
മദ്ധ്യപ്രദേശിൽ എൻ.ഡി.എക്ക് 23 സീറ്റ് ലഭിക്കും. യു.പി.എക്ക് ആറും ലഭിക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആകെയുള്ള 25 സീറ്റുകളിൽ 14 എണ്ണം എൻ.ഡി.എ നേടും. ഒമ്പതെണ്ണത്തിൽ യു.പി.എയും രണ്ടെണ്ണത്തിൽ മറ്റുള്ളവർക്കുമാണ് സാദ്ധ്യത. ഹരിയാനയിലെ 10 സീറ്റിൽ എൻ.ഡി.എക്ക് ഏഴും യു.പി.എക്ക് മൂന്നും സീറ്റ് ലഭിക്കും. കർണാടകയിൽ യു.പി.എക്കും എൻ.ഡി.എക്കും 14 സീറ്റുകൾ വീതം ലഭിക്കും.